ന്യൂഡല്‍ഹി ഒക്ടോബര്‍ 31: രാജ്യത്തെ നടുക്കിയ നിര്‍ഭയ കൂട്ടബലാത്സംഗകേസില്‍ കുറ്റവാളികളുടെ വധശിക്ഷ അധികം വൈകാതെ നടപ്പാക്കുമെന്ന് അധികൃതര്‍. പ്രസിഡന്‍റിന് ഏഴ് ദിവസത്തിനുള്ളില്‍ ദയാഹര്‍ജി നല്‍കിയില്ലെങ്കില്‍ ശിക്ഷയുടെ നടപടികള്‍ ആരംഭിക്കുമെന്നും അറിയിച്ചു. നാല് കുറ്റവാളികളില്‍ മൂന്ന് പേര്‍ തീഹാര്‍ ജയിലിലും ഒരാള്‍ മണ്ടോളി ജയിലിലുമാണ്. വധശിക്ഷ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും പ്രതികള്‍ നല്‍കിയ അപ്പീല്‍ തള്ളിയിരുന്നു.
രാംസിംഗ്, മുകേഷ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, അക്ഷയ് താക്കൂര്‍, പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരായിരുന്നു കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കാലയളവില്‍ രാംസിംഗ് ആത്മഹത്യചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ 2015ല്‍ മോചിപ്പിച്ചു. മറ്റ് നാല് പേര്‍ക്കുമെതിരെയാണ് കോടതി വധശിക്ഷ വിധിച്ചത്. 2012 ഡിസംബര്‍ 16നാണ് കൂട്ടസബലാത്സംഗം നടന്നത്. പരിക്കേറ്റ പെണ്‍കുട്ടി ഡിസംബര്‍ 29ന് മരിച്ചു.