ന്യൂഡല്‍ഹി: കോവിഡ് മഹാമാരി പരിഗണിച്ച് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള അവസാന തീയതി 2021 ഫെബ്രുവരി 28 ലേക്ക് ഇപിഎഫ്ഒ ദീർഘിപ്പിച്ചു. ഇപിഎസ് 1995ന് കീഴിൽ പെൻഷൻ വാങ്ങുന്നവരും, 2021 ഫെബ്രുവരി 28ന് മുൻപായി ലൈഫ് സർട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുന്നവരുമായ എല്ലാ അംഗങ്ങൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. നിലവിൽ ഈ മാസം 30 വരെയായിരുന്നു ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സമയം അനുവദിച്ചിരുന്നത്. ഒരു വർഷമാണ് സർട്ടിഫിക്കറ്റിന്റെ കാലാവധി. 3.65 ലക്ഷം പൊതു സേവന കേന്ദ്രങ്ങൾ, പെൻഷൻ വിതരണ ബാങ്ക് ശാഖകൾ, 1.36 ലക്ഷം തപാൽ ഓഫീസുകൾ, 1.90 ലക്ഷം പോസ്റ്റുമാൻമാരടങ്ങുന്ന തപാൽ ശൃംഖല എന്നിവയിലൂടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ അവസരമുണ്ട്. തങ്ങളുടെ ഏറ്റവും അടുത്തുള്ള പൊതുസേവന കേന്ദ്രം ഏതെന്ന് അറിയുന്നതിനായി ഗുണഭോക്താക്കൾക്ക് താഴെ കാണുന്ന ലിങ്ക് ഉപയോഗിക്കാവുന്നതാണ്:https://locator.csccloud.in/ വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ തപാൽ കേന്ദ്രങ്ങളുടെ സഹായത്തോടെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനായി ഓൺലൈനിലൂടെ അപേക്ഷിക്കാം. ഇതിനായി http://ccc.cept.gov.in/covid/request.aspx എന്ന ലിങ്ക് ഉപയോഗപ്പെടുത്തുക. 2020 നവംബറിന് മുൻപായി ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ കഴിയാത്തവരുടെ പെൻഷൻ വിതരണത്തിൽ 2021 ഫെബ്രുവരി 28 വരെ യാതൊരുവിധ തടസ്സവും ഉണ്ടാവുന്നതല്ല.
ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള തീയതി ഇപിഎഫ്ഒ 2021 ഫെബ്രുവരി 28 വരെ നീട്ടി; ഇപിഎഫ്ഒ അംഗങ്ങളായ 35 ലക്ഷം പേർക്ക് പ്രയോജനം Read More