ചെന്നൈ: അണ്ണാ ഡിഎംകെ എംഎല്‍എയുടെ മകന്റെ കാറില്‍ നിന്ന് കണക്കില്‍ പെടാത്ത ഒരുകോടി രൂപ പിടിച്ചു. തിരുച്ചിറപ്പളളി മുസരി എംഎല്‍എ സെല്‍വരാശുവിന്റെ മകന് രാമമൂര്‍ത്തിയുടെ കാറില്‍ നിന്നാണ് പണം കണ്ടെടുത്തത്. 2021 മാര്‍ച്ച് 24 ബുധനാഴ്ച പുലര്‍ച്ചെ തിരുച്ചിറപ്പളളിയിലെ പൊട്ടവായ്ത്തലയില്‍ വച്ച് വാഹന പരിശോധനക്കിടെയാണ് ചാക്കില്‍ കെട്ടിയ നിലയില്‍ കാറില്‍ പണം കണ്ടെത്തിയത് .പണം താലൂക്ക് ഓഫീസിലെത്തിച്ച് എണ്ണി തിട്ടപ്പെടുത്തി.
ഇതുമായി ബന്ധപ്പെട്ട് എംഎല്‍എയുടെ ഡ്രൈവര്‍ ജയശീലന്‍ ഉള്‍പ്പടെ നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പണം വോട്ടര്‍ മാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുപോയതെന്നാണ് വിവരം. വോട്ടിനായി തമിഴ് നാട്ടില്‍ പാര്‍ട്ടികള്‍ പണം നല്‍കുന്നുവെന്ന ആരോപണത്തിനിടെയാണ് ഇത്രയും പണം പിടിച്ചെടുക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കണക്കില്‍പെടാത്ത 50 കോടിയില്‍ പരം രൂപയാണ് തമിഴ്നാട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുളളത്.
അണ്ണാ ഡിഎംകെയുടെ മുന്‍ മന്ത്രി നത്തം വിശ്വനാഥന് വോട്ടിന് പണം നല്‍കിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന ഡിഎംകെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.

