ന്യൂഡല്‍ഹി: കേന്ദ്രം നോമിനറ്റ് ചെയ്യുന്ന ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹി സര്‍ക്കാരില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്‍ ലോക്‌സഭ കടന്നു. ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ബില്ലാണ് ലോക്സഭ 22/03/21 തിങ്കളാഴ്ച പാസ്സാക്കിയത്. ഡല്‍ഹിക്ക് സമ്പൂര്‍ണ സംസ്ഥാന പദവി നല്‍കണമെന്ന വാദം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും പാര്‍ട്ടിയും ദേശീയ വേദികളില്‍ സജീവമായി ഉയര്‍ത്തി വരുമ്പോഴാണ് കേന്ദ്ര നടപടി. ഡല്‍ഹി സര്‍ക്കാര്‍ നടത്തുന്ന നിയമനിര്‍മാണങ്ങളില്‍ ഈ ബില്‍ അനുസരിച്ച് ലഫ്റ്റനന്റ് ഗവര്‍ണറുടെ കൂടി അഭിപ്രായം കൂടി തേടേണ്ടി വരും. മന്ത്രിസഭാ തീരുമാനങ്ങളും നടപ്പില്‍ വരണമെങ്കില്‍ ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടേണ്ടി വരുന്ന സ്ഥിതിയാണ് ഈ ബില്‍ നിയമം ആകുന്നതോടെ നടപ്പില്‍ വരുക.പുതിയ ഭേദഗതി പ്രകാരം ബില്ലുകള്‍ 14 ദിവസം മുന്‍പേ ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് അയച്ചു കൊടുക്കണം. ഗവര്‍ണര്‍ക്ക് ബില്ലില്‍ എതിര്‍പ്പുണ്ടെങ്കില്‍ കേന്ദ്രത്തിനോ രാഷ്ട്രപതിക്കോ കൈമാറാനുള്ള അധികാരവും ബില്‍ ഉറപ്പു വരുത്തുന്നു.കേന്ദ്രത്തിന്റെയോ രാഷട്രപതിയുടെയോ മറുപടി വൈകുന്ന പക്ഷം ബില്ലില്‍ സ്വതന്ത്രമായ തീരുമാനം എടുക്കാനും ലഫ്റ്റനന്റ് ഗവര്‍ണറെ ബില്‍ അധികാരപ്പെടുത്തുന്നു.ഡല്‍ഹി ലഫ്റ്റ്നന്റ് ഗവര്‍ണറുടേയും ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം കൃത്യമായി വിഭജിക്കുന്നതാണ് ബില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വാദിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഢിയാണ് ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ബില്ല്, 2021മായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് മറുപടി പറഞ്ഞത്. ദേശീയ തലസ്ഥാന മേഖലാ ഭേദഗതി ആക്റ്റ് 1991 ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നിയമം അവതരിപ്പിച്ചിരിക്കുന്നത്.
ഡല്‍ഹി സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടേണ്ട കാര്യമില്ലെന്ന 2018 ലെ സുപ്രീംകോടതി വിധിയെ മറികടന്നാണ് കേന്ദ്രം പുതിയ ബില്ലുമായി രംഗപ്രവേശനം ചെയ്തതെന്ന വിമര്‍ശനം ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഡല്‍ഹി സര്‍ക്കാരിന്റെ അധികാരങ്ങള്‍ കവര്‍ന്നെടുക്കുന്ന ബില്‍ ഭരണഘടനാ വിരുദ്ധമാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ആരോപിച്ചു.
ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് ഡല്‍ഹി സര്‍ക്കാരില്‍ കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്ന ബില്‍ ലോക്‌സഭ കടന്നു
