മുംബൈ: പിതാവിന്റെ രണ്ടാം വിവാഹത്തിന്റെ സാധുത മക്കള്‍ക്ക് ചോദ്യം ചെയ്യാമെന്ന് ബോംബെ ഹൈക്കോടതി. സ്വത്ത് തര്‍ക്കം സംബന്ധിച്ചുളള കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പിതാവിന്റെ രണ്ടാം വിവാഹം അസാധുവാക്കണമെന്ന് ആവശ്യപ്പെടാന്‍ മക്കള്‍ക്ക് കഴിയില്ലെന്ന കുടുംബകോടതിയുടെ വിധി തളളിയ ഹൈക്കോടതി ഈ കേസ് വീണ്ടും പരിഗണിച്ച് ആറുമാസത്തിനകം വിധി പ്രഖ്യാപിക്കാനും നിര്‍ദ്ദേശിച്ചു. പിതാവിന്റെ രണ്ടാം വിവാഹത്തിന്റെ സാധുത ചോദ്യം ചെയ്ത് 66 വയസുളള മകള്‍ നല്‍കിയ പരാതിയിലാണ് ജസ്റ്റീസുമാരായ ആര്‍.ഡി.ധനുക, വി.ജി. ബിഷ്ട എന്നിവരുടെ നടപടി.
2003ല്‍ അമ്മ മരിച്ചതിന് പിന്നാലെയാണ് ഇവരുടെ പിതാവ് രണ്ടാമത് വിവാഹം കഴിച്ചത്. പിതാവ് 2015ല്‍ മരിക്കുകയും ചെയ്തു. 2016ല്‍ രേഖകള്‍ പരിശോധിച്ചപ്പോഴാണ് സ്വത്ത് രണ്ടാനമ്മയുടെ പേരിലാണെന്നും ഇവര്‍ നേരത്തെ മറ്റൊരു വിവാഹം കഴിച്ചതാണെന്നും ആ ബന്ധം വേര്‍പിരിഞ്ഞിട്ടില്ലെന്നും വ്യക്തമായത്. തുടര്‍ന്നാണ് തന്റെ പിതാവിന്റെ രണ്ടാം വിവാഹത്തിന്റെ സാധുത ചോദ്യം ചെയ്ത് കുടുംബ കോടതിയെ സമീപിച്ചത്. എന്നാല്‍ ഭാര്യക്കോ ഭര്‍ത്താവിനോ മാത്രമേ ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിക്കാനാവൂയെന്നായിരുന്നു കുടുംബ കോടതിയുടെ നിലപാട്. മകളുടെ പരാതി കുടുംബ കോടതി തളളുകയും ചെയ്തു. തുടര്‍ന്നാണ് മകള്‍ ഹൈക്കോടതിയെ സമീപിച്ചത്.

