കോഴിക്കോട്.: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണം നടത്തി 17 വര്‍ഷമായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ കോഴിക്കോട് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി പാറത്തോട് സ്വദേശി പികെ ഷാമോന്(40) ആണ് പോലീസിന്റെ പിടിയിലായത്. കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇന്‍സ്പെക്ടര്‍ എംകെ കീര്‍ത്തിബാബുവിന്റെ നേതൃത്വത്തില്‍ കോട്ടയത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. പാറത്തോട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഷാമോന്. കോഴിക്കോട് മെഡിക്കല്‍ കോളേജ്, നടക്കാവ് കോട്ടയം ഏറ്റുമാനൂര്‍ തുടങ്ങി സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ വാഹന മോഷണ ക്കേസുകള്‍ നിലവിലുണ്ട്.
കോഴിക്കോട് എസ്പി വി.ഡി വിജയന്റെ നിര്‍ദ്ദേശപ്രകാരം രൂപീകരിച്ച സ്പെഷല്‍ സ്ക്വാഡില്‍ സബ് ഇന്‍സ്പെക്ടര്‍മാരായ എംപി അപ്പുണ്ണി, സജി, ഷിനോബ്.എം, അസി. സബ്ഇന്‍സ്പെക്ടര്‍ എന്‍.ഹരിദാസന് എന്നിവരും ഉണ്ടായിരുന്നു. കോഴിക്കോട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. നിരവധി സ്ഥലങ്ങളില്‍ നടത്തിയ അന്വേണങ്ങള്ക്കൊടുവിലാണ് പ്രതി പിടിയിലായത്.

