ന്യൂഡല്‍ഹി: ദീര്‍ഘ ദൂര യാത്രക്കാര്‍ക്കായി പുതിയ കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശം റെയില്‍വേ പുറത്തിറക്കി ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ട്രെയിന്‍ യാത്ര ചെയ്യുന്നവരോട് വിവിധ സംസ്ഥാനങ്ങള്‍ നല്കുന്ന നിര്‍ദ്ദേശങ്ങള്‍ വായിക്കാനും അവ പാലിക്കാനും മന്ത്രാലയം അവരുടെ പോസ്റ്റില്‍ ആവശ്യപ്പെട്ടു. ട്രെയിന്‍ എത്തി 72-96 മണിക്കൂറിനുളളില്‍ ചില സംസ്ഥാനങ്ങള്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന ആവശ്യമാണെന്ന് അവര്‍ അറിയിച്ചു. കഴിഞ്ഞവര്‍ഷം കൊറോണാ വൈറസ് മഹാമാരി ബാധിച്ചപ്പോള്‍ ദേശീയ ലോക്ഡൗണ്‍ മുതല്‍ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസുകള്‍ പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുക വരെ ചെയ്തു.
പാസഞ്ചര്‍ ട്രെയിനുകള്‍ വളരെ അടുത്തകാലത്താണ് പൂര്‍ണതോതില്‍ ഓടാനാരംഭിച്ചത്. ആളുകള്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യാമെന്ന് ഉറപ്പുവരുത്താന്‍ റെയില്‍വേ മന്ത്രാലയം അവരുടെ ഭാഗത്തുനിന്ന് ധാരാളം മുന്‍കരുതലുകള്‍ എടുക്കുന്നു. ഇപ്പോള്‍ കോവിഡ് 19 കേസുകള്‍ വീണ്ടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ മന്ത്രാലയം എല്ലാ യാത്രക്കാരോടും നിര്‍ദ്ദേശിച്ചു.
ട്വിറ്ററുമായി പങ്കിട്ട ഗ്രാഫില്‍ അവര്‍ സന്ദര്‍ശിക്കുന്ന സംസ്ഥാനത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കാന്‍ റെയില്‍വേ അഭ്യര്‍ത്ഥിച്ചു. ഓരോ സംസ്ഥാനത്തിനും നിര്‍ദ്ദിഷ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങൾ ഉണ്ടെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ പ്രവേശനം അനുവദിക്കുന്നതിന് ചില സംസ്ഥാനങ്ങള്‍ക്ക് ഏറ്റവുംപുതിയ കോവിഡ് 19 ടെസ്റ്റ് റിപ്പോര്‍ട്ട് ആവശ്യമാണെന്നും സൂചിപ്പിച്ചിരിക്കുന്നു. ട്വിറ്ററിന്റെ ഒരുഭാഗം യാത്ര ആരംഭിക്കുന്നതിന് മുമ്പ് വിവിധ സംസ്ഥാനങ്ങള്‍ പുറപ്പെടുവിച്ച ആരോഗ്യ ഉപദേശക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വായിക്കാന്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിക്കുന്നു.

