പുതുച്ചേരി: സര്‍ക്കാര്‍ താഴെ പോയിട്ടും പുതുച്ചേരിയില്‍ കോണ്‍ഗ്രസിലെ പടലപിണക്കത്തിന് അറുതിയില്ല. നിലവില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നത്. ഇന്നലെ സീറ്റ് വിഭജനത്തിലെ തര്‍ക്കത്തെത്തുടര്‍ന്നു പാര്‍ട്ടി യോഗത്തില്‍ ഡി.എം.കെ. പതാക വീശിയാണ് കോണ്‍ഗ്രസ് നേതാവ് പ്രതിഷേധം പ്രകടിപ്പിച്ചത്.
കോണ്‍ഗ്രസ് പുതുച്ചേരി തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തില്‍ മുതിര്‍ന്ന നേതാവ് എം.പി. വെങ്കിടേശനാണ് സഖ്യകക്ഷിയുടെ പതാക വീശിയത്. ഇതേത്തുടര്‍ന്നു നേതാക്കളും പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ഉന്തുംതള്ളുമുണ്ടാവുകയും ചെയ്തു. ഇതിനു പിന്നാലെ പുതുച്ചേരി കോണ്‍ഗ്രസ് ആസ്ഥാനത്ത് കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിച്ചു. കോണ്‍ഗ്രസ് ഡി.എം.കെയ്ക്ക് അനാവശ്യമായി വഴങ്ങിയെന്നും അര്‍ഹിക്കുന്നതിലധികം സീറ്റ് വിട്ടുകൊടുത്തുമെന്നുമായിരുന്നു വെങ്കിടേശന്റെ ആരോപണം. ഡി.എം.കെയ്ക്ക് അര്‍ഹിക്കുന്നതിലധികം പ്രാധാന്യം നല്‍കി. എന്തു കൊണ്ടാണ് നാം അവര്‍ക്ക് വഴങ്ങിയത്? ഇത്രയും വര്‍ഷം പുതുച്ചേരിയില്‍ സര്‍ക്കാരിനെ നയിച്ച കോണ്‍ഗ്രസ് എന്തുകൊണ്ടാണ് സഖ്യത്തിനു നേതൃത്വം കൊടുക്കുന്നതില്‍നിന്നു പിന്നാക്കം പോകുന്നത്? ഈ സാഹചര്യത്തിലാണ് എന്റെ പ്രതിഷേധം.”-വെങ്കിടേശന്‍ പറഞ്ഞു.

