വൃദ്ധസദനങ്ങളിലെ വാക്‌സിനേഷന്‍; ജില്ലയിലെ ആദ്യ മൊബൈല്‍ സംഘം പ്രവര്‍ത്തനം തുടങ്ങി

ആലപ്പുഴ: 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 മുതല്‍ 59 വയസ്സുുവരെയുള്ള നിശ്ചിത രോഗങ്ങള്‍ ഉള്ളവര്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ ജില്ലയില്‍ പരമാവധി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ആദ്യത്തെ മൊബൈല്‍ വാക്‌സിനേഷന്‍ സംഘം പ്രവര്‍ത്തനം തുടങ്ങി. ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ഐ എം എ യും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. മൊബൈല്‍ യൂണിറ്റ് ആദ്യദിനം പുന്നപ്രയിലെ ശാന്തി ഭവന്‍ അന്തേവാസികള്‍ക്ക് വൃദ്ധസദനങ്ങളില്‍ എത്തി വാക്‌സിനേഷന്‍ നല്‍കി. ആരോഗ്യ വകുപ്പിന്റെ വാക്‌സിനേഷന്‍ സംഘം ശാന്തി ഭവനില്‍ തന്നെ വാക്‌സിന്‍ നല്‍കാനും തുടര്‍ന്ന് വിശ്രമിക്കാനുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. മൊബൈല്‍ യൂണിറ്റിനെ പ്രവര്‍ത്തന ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. ദിവസം 20000 വാക്‌സിനേഷന്‍ എന്ന് ലക്ഷ്യത്തിനായാണ് ജില്ലാഭരണകൂടം പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വൃദ്ധസദനങ്ങളിലെ വയസ്സായ ആളുകള്‍ക്ക് അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ചെന്ന് വാക്‌സിനേഷന്‍ ചെയ്യുകയാണ് മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റ് കൊണ്ട് ഉദ്ദേശിക്കുന്നത്. അടുത്തയാഴ്ചയോടെ ഒരു മൊബൈല്‍ വാക്‌സിനേഷന്‍ യൂണിറ്റ് കൂടി ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. 160 അന്തേവാസികളാണ് ഇവിടെയുള്ളത്. വാക്‌സിനേഷന്‍ പ്രക്രിയ വളരെ ഊര്‍ജ്ജിതമായി ജില്ലയില്‍ മുന്നോട്ടു പോകുകയാണെന്നും പതിനാറ് സ്വകാര്യ ആശുപത്രികളില്‍ ഉള്‍പ്പെടെ വാക്‌സിനേഷന്‍ നല്‍കുന്നതിന് ഇപ്പോള്‍ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജില്ല മെഡിക്കല്‍ ഓഫീസര്‍ എല്‍.അനിതകുമാരി പറഞ്ഞു. ശാന്തിഭവന്‍ മാനേജിങ് ട്രസ്റ്റി മാത്യൂ ആല്‍ബിന്‍, പി.എച്ച്.സിയിലെ ഡോക്ടര്‍ പൂര്‍ണിമ, ഐ.എം.എ പ്രസിഡന്റ് ഡോ.എ.പി.മുഹമ്മദ്, ഡോ.മദനമോഹന്‍, ഡോ.മനീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →