ന്യൂഡല്‍ഹി: ഗതാഗത തടസവും ടോള്‍ പ്ലാസകളിലെ കാലതാമസവും കുറയ്ക്കുന്നതിനും ഫാസ്റ്റ് ടാഗ് അക്കൗണ്ട് / വാലറ്റിലെ നിര്‍ബന്ധിത പണ പരിധി നീക്കംചെയ്യാന്‍ കേന്ദ്ര തീരുമാനം.പാസഞ്ചര്‍ വിഭാഗത്തിനുള്ള നിക്ഷേപം (കാര്‍ / ജീപ്പ് / വാന്‍) തുകയുടെ പരിധിയിലാണ് ഇളവ് വരുന്നത്.
സെക്യൂരിറ്റി ഡെപ്പോസിറ്റ് തുകയ്ക്ക് പുറമേ, ഇഷ്യു ചെയ്യുന്ന ബാങ്കുകള്‍ ഏകപക്ഷീയമായി ഫാസ്റ്റ് ടാഗ് അക്കൗണ്ട് / വാലറ്റിനായി ചില പരിധി മൂല്യം നിര്‍ബന്ധമാക്കിയിരുന്നു. തല്‍ഫലമായി, നിരവധി ഫാസ്റ്റ് ടാഗ് ഉപയോക്താക്കള്‍ക്ക് അവരുടെ ഫാസ്റ്റ് ടാഗ് അക്കൗണ്ടില്‍ മതിയായ ബാലന്‍സ് ഉണ്ടായിരുന്നിട്ടും ടോള്‍ പ്ലാസയിലൂടെ കടന്നുപോകാന്‍ അനുവാദം കിട്ടാത്ത പ്രശ്നമുണ്ടായി. ഇത് ആവര്‍ത്തിക്കാതിരിക്കാനാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം.ഫാസ്റ്റ് ടാഗ് അക്കൗണ്ട് / വാലറ്റ് ബാലന്‍സ് നെഗറ്റീവ് അല്ലായെങ്കില്‍ ഇനി മുതല്‍ ഉപയോക്താക്കള്‍ക്ക് ടോള്‍ പ്ലാസയിലൂടെ കടന്നുപോകാന്‍ അനുമതി ലഭിക്കും. ടോള്‍ പ്ലാസ കടന്നതിന് ശേഷം, ബാലന്‍സ് നെഗറ്റീവ് ആകുകയാണെങ്കില്‍, ബാങ്കിന് സെക്യൂരിറ്റി ഡെപ്പോസിറ്റില്‍ നിന്ന് തുക വീണ്ടെടുക്കാന്‍ കഴിയും.

