വ്യാജ സിംകാര്‍ഡുണ്ടാക്കി പണം തട്ടുന്ന യുവതി പോലീസ്‌ പിടിയിലായി

തൃശൂര്‍: വ്യാജരേഖ ചമച്ച്‌ മൊബൈല്‍ഫോണ്‍ സിംകാര്‍ഡ്‌ കരസ്ഥമാക്കി പണം തട്ടുന്ന സംഘത്തിലെ മുഖ്യ പ്രതി അറസ്‌റ്റില്‍. മുംബൈ ജോഗേശ്വരി ഈസ്‌റ്റ്‌ ഡോ. പങ്കജ്‌ പട്ടേല്‍ ജനതാ കോളനിയില്‍ നൂര്‍ജഹാന്‍ അബ്ദുള്‍കലാം ആസാദ്‌ അന്‍സാരി (45) ആണ്‌ പോലീസ്‌ പിടിയിലായത്‌. തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ്‌ ആണ്‌ ഇവരെ അറസ്റ്റ്‌ ചെയ്‌തത്‌.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തൃശൂരില്‍ ഒരു സ്‌ത്രീയുടെ ബാങ്ക്‌ അക്കൌണ്ടില്‍ നിന്നും 20 ലക്ഷത്തോളം രൂപ ഇവര്‍ തട്ടിയെടുത്തിരുന്നു. തൃശൂര്‍ സ്വദേശിനിയുടെ വിലാസവും വ്യാജ ഫോട്ടോയും ഉപയോഗിച്ച്‌ സ്വകാര്യ മൊബൈല്‍ കമ്പനിയുടെ എറണാകുളത്തെ ഔട്ട്ലെറ്റില്‍ നിന്നാണ്‌ സിംകാര്‍ഡ്‌ സംഘടിപ്പിച്ചത്‌. ഇതിനായി മുംബൈയില്‍ന്നിന്ന് പ്രതി ഉള്‍പ്പെടയുളള സംഘം വിമാനമാര്‍ഗ്ഗം എറണാകുളത്തെത്തിയിരുന്നു. ഡ്യൂപ്ലിക്കേറ്റ് ‌ സിം കാര്‍ഡിനായി തൃശൂര്‍ സ്വദേശിനിയുടേതെന്ന വ്യാജേന നല്‍കിയ ഫോട്ടോ അറസ്റ്റിലായ പ്രതിയുടേതാണെന്ന്‌ അന്വേഷണ സംഘം കണ്ടെത്തി.

എറണാകുളത്തുനിന്ന്‌ മുംബൈയില്‍ തിരിച്ചെത്തിയ സംഘം 15 തവണകളായി 20 ലക്ഷം രൂപ പല ബാങ്ക്‌ അക്കൗണ്ടുകളിലേക്ക് മാറ്റുകയും പിന്നീട്‌ ബീഹാര്‍, മുംബൈ ഡല്‍ഹി എന്നിവിടങ്ങളിലെ എടിഎമ്മുകൾ വഴി പിന്‍വലിക്കുകയുമായിരുന്നു. പണം നഷ്ടപ്പെട്ട സ്‌ത്രീ തൃശൂര്‍ സിറ്റി പോലീസ്‌ കമ്മീഷണര്‍ ആര്‍.ആദിത്യക്ക്‌ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സൈബര്‍ ക്രൈം പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തിയത്‌.

വിമാനത്താവളത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിന്നുതന്നെ പ്രതികളെക്കുറിച്ചുളള സൂചന പോലീസിന്‌ ലഭിച്ചിരുന്നു. എറണാകുളം നെടുമ്പാശേരി എന്നിവിടങ്ങളിലെ നിരവധി സിസി ടിവി ക്യാമറാ ദൃശ്യങ്ങളും പോലീസ്‌ പരിശോധിച്ചു.അന്വേഷണ സംഘം ദിവസങ്ങളോളം മുംബൈയില്‍ താമസിച്ച്‌ അന്വേഷണം നടത്തി. ഇതുമനസിലാക്കിയ പ്രതി മഹാരാഷ്ട്രയിലെ പല്‍ഗാര്‍ ജില്ലയിലെ നലസോപ്പാറഎന്ന സ്ഥലത്തേക്ക് ഒളിവില്‍ പോയി. പോലീസ്‌ അവിടെ എത്തിയതായി അറിഞ്ഞ പ്രതി തിരികെ ജോഗേശ്വരിയില്‍ എത്തിയപ്പോഴണ്‌ പിന്തുടര്‍ന്ന്‌ പിടികൂടിയത്‌.

തൃശൂര്‍ സിറ്റി സൈബര്‍ക്രൈം പോലീസ്‌ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ബ്രിജുകുമാര്‍, എസ്‌ഐ സന്തോഷ്‌, എഎസ്‌ഐ ഫൈസല്‍, പോലീസുദ്യോഗസ്ഥരായ വിനു കുര്യാക്കോസ്‌ ,ശ്രീകുമാര്‍, അനൂപ്‌,അപര്‍ണ്ണ ലവകുമാര്‍, നിജിത എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →