കൊച്ചി ഫെബ്രുവരി 27: കൊച്ചി തോപ്പുംപടി അരൂജ സ്കൂളിന് അംഗീകാരമില്ലാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പത്താം ക്ലാസ് പരീക്ഷ എഴുതാന്‍ സാധിക്കാത്ത സംഭവത്തില്‍ സിബിഎസ്ഇയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. അംഗീകാരമില്ലാത്ത സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കാത്തതിന് സിബിഎസ്ഇയെ വിമര്‍ശിച്ച കോടതി കുറച്ചെങ്കിലും ഉത്തരവാദിത്വം കാണിക്കണമെന്നും ആവശ്യപ്പെട്ടു.
സിബിഎസ്ഇ ഇനിയും ഒളിച്ചു കളിക്കാന്‍ നോക്കിയാല്‍ വെറുതെ വിടില്ലെന്നും വിദ്യാര്‍ത്ഥികളുടെ ഭാവിവെച്ച് കളിക്കേണ്ടെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സിബിഎസ്ഇ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും ബോര്‍ഡിന് നല്‍കുന്ന അവസാന താക്കീതാണിതെന്നും കോടതി ഓര്‍മ്മപ്പെടുത്തി. കേസില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനും സിബിഎസ്ഇയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

