മുംബൈ: കര്‍ണ്ണാടകയിലെ മറാത്തി ഭാഷ സംസാരിക്കുന്ന പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനവുമായി കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ. സംസ്ഥാനത്തെ ജനങ്ങള്‍ തമ്മിലുള്ള ഐക്യമില്ലാതാക്കാനാണ് താക്കറെ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഐക്യത്തെ ബഹുമാനിക്കാന്‍ ഉദ്ദവ് ശ്രമിക്കണം. മറാത്തി ഭാഷയുടെയും സംസ്കാരത്തിന്റെയും പേരില്‍ അതിര്‍ത്തി പ്രശ്നം ഉന്നയിക്കുന്നത് അനാവശ്യമാണ്. ഇന്ത്യയുടെ ഫെഡറല്‍ ഭരണഘടന തത്വങ്ങള്‍ക്ക് എതിരാണ് ഈ പ്രസ്താവന, യെദിയൂരപ്പ പറഞ്ഞു.
കന്നഡികരുമായി വളരെ സൗഹാര്‍ദ്ദത്തിലാണ് മറാത്ത വംശജര്‍ കഴിയുന്നതെന്നും മഹാരാഷ്ട്രയില്‍ കര്‍ണ്ണാടകയില്‍ നിന്നുള്ളവരും ഉണ്ടെന്നും എന്നാല്‍ അതിന്റെ പേരില്‍ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ തങ്ങള്‍ ഉദ്ദേശിച്ചിട്ടില്ലെന്നും യെദിയൂരപ്പ പറഞ്ഞു.
മറാത്തി വംശജര്‍ കൂടുതലുള്ള കര്‍ണ്ണാടകയിലെ പ്രദേശങ്ങള്‍ മഹാരാഷ്ട്രയോട് കൂട്ടിച്ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മറാത്ത രാഷ്ട്രത്തിനായി ജീവന്‍വെടിഞ്ഞ രക്തസാക്ഷികള്‍ക്കുള്ള യഥാര്‍ത്ഥ സമര്‍പ്പണമായിരിക്കും ഈ തീരുമാനമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റില്‍ പറഞ്ഞിരുന്നു.

