മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി വിദേശകാര്യ, പാർലമെന്ററികാര്യസഹമന്ത്രി വി.മുരളീധരൻ നാളെ യു.എ.ഇയിലെത്തും. യു.എ.ഇ സർക്കാരിലെ ഉന്നതവ്യക്തികളുമായും ഇന്ത്യൻ സമൂഹവുമായും മന്ത്രി കൂടികാഴ്ച നടത്തും. ഇന്ത്യ- യുഎഇ ഉഭയകക്ഷി വിഷയങ്ങളും അന്താരാഷ്ട്ര പ്രശ്നങ്ങളും കൂടികാഴ്ചയിൽ ചർച്ചയാകും. യു.എ.ഇ യിലെ ഇന്ത്യൻ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് ചർച്ചയിൽ ഊന്നൽ നൽകും.
കൊവിഡ് മഹാമാരി പ്രതിരോധം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇന്ത്യയും യു.എ.ഇയും തമ്മിൽ തന്ത്രപ്രധാനമായ സഹകരണമാണ് ഉള്ളത്. ഇരു രാജ്യങ്ങൾക്കുമിടയിൽ വിമാനസർവീസുകൾ നിയന്ത്രണങ്ങളോടെ പുനരാരംഭിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി ഡോ.എസ്. ജയശങ്കർ നവംബറിൽ യു.എ.ഇ സന്ദർശിച്ചിരുന്നു. 21 ന് സന്ദർശനം പൂർത്തിയാക്കി വി. മുരളീധരൻ ഇന്ത്യയിലേക്ക് മടങ്ങും.

