ന്യുഡല്‍ഹി: എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും മുന്‍ഗണനാടിസ്ഥാനത്തില്‍ കുത്തിവയ്പ് നല്‍കണമെന്ന പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമിയുടെ നിര്‍ദ്ദേശം നിരസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ”ഈ ആവശ്യം തെറ്റായ സന്ദേശമാണ് ജനത്തിന് നല്‍കുക. സര്‍ക്കാര്‍ സാധാരണക്കാരെക്കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും നിയമനിര്‍മ്മാതാക്കളെ പരിപാലിക്കാനുള്ള ശ്രമത്തിലാണെന്നും ജനം കരുതാന്‍ ഇടയാക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ത്യയില്‍ കൊവിഡ് വാക്സിന് വിതരണം ഈമാസം 16ന് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് രാജ്യത്തിന് അഭിമാന നിമിഷമാണ്. രണ്ട് വാക്സിനുകള്‍ക്ക് ശാസ്ത്രീയ അനുമതി കിട്ടി. വാക്സിന് വിതരണം ഫെഡറല്‍ സംവിധാനത്തിന്റെ മാതൃകയാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂന്ന് കോടി കൊവിഡ് മുന്നണി പോരാളികള്‍ക്ക് ആദ്യ ഘട്ടത്തില്‍ വാക്സിന് നല്‍കും. ആദ്യഘട്ടത്തിലെ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അതേസമയം കൊവില്ഷീല്ഡ് വാക്സിനായി കേന്ദ്രസര്‍ക്കാര്‍ പര്‍ച്ചേഴ്സ് ഓര്‍ഡര്‍ നല്കി. ഓര്‍ഡര്‍ ലഭിച്ചതായി സിറം അധികൃതര്‍. വാക്സിന് 200 രൂപയ്ക്ക് ലഭ്യമാക്കുമെന്ന് സിറം അധികൃതര്‍ വ്യക്തമാക്കി. ആദ്യഘട്ടത്തിലെ ചിലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. രണ്ട് വാക്സിനുകളും ലോകത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാകും വിതരണം ചെയ്യുക. ഇന്ത്യയുടെ വാക്സിനുകള്‍ക്കായി ലോകം ഉറ്റുനോക്കുന്നതായി മോദി പറഞ്ഞു. നാലിലധികം വാക്സിനുകള്‍ പരീക്ഷണഘട്ടത്തിലാണെന്നും പ്രധാനമന്ത്രി. വാക്സിനേഷന് രംഗത്ത് ഇന്ത്യയുടെ പരിചയം ഗുണകരമാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കൊവിഡ് വാക്സിന്: പുതുച്ചേരി മുഖ്യമന്ത്രിയുടെ ആവശ്യം നിരസിച്ച് പ്രധാനമന്ത്രി
