വാഷിംങ്ടണ്‍ ഡിസി: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡന്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി 20ന് വാഷിംങ്ടണില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ഡൊണാല്‍ഡ് ട്രംപ്. ജനുവരി 20 മുതല്‍ 24വരെയാണ് വാഷിംങ്ടണില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മറ്റു സംസ്ഥാനക്കാര്‍ ബൈഡന്റെ സ്ഥാനമേറ്റെടുക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ മാത്രമായി വാഷിംങ്ടണിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നാണ് വാഷിംങ്ടണ്‍ മേയര്‍ പറഞ്ഞത്. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണ് ഈ നീക്കം. ഈ ദിനത്തില്‍ രാജ്യത്തെ ഫെഡറല്‍ ഏജന്‍സികള്‍ക്ക് പ്രത്യേക സുരക്ഷ നിര്‍ദേശങ്ങളും പുതിയ ഉത്തരവിലുണ്ട്. നേരത്തെ വാഷിംങ്ടണ്‍ മേയര്‍ മൂരിയല്‍ ബൌസര്‍ ജനുവരി 20ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പ്രസിഡന്റിനോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ജനുവരി 6ന് ബൈഡന്റെ തെരഞ്ഞെടുപ്പ് അംഗീകരിക്കാത്ത ട്രംപ് അനുകൂലികള്‍ കാപ്പിറ്റോളില്‍ നടത്തിയ അട്ടിമറി ശ്രമങ്ങളെ തുടര്‍ന്നാണ് ബൈഡന്റെ സ്ഥാനാരോഹണത്തിന് സുരക്ഷ എന്ന നിലയില്‍ യുഎസ് തലസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. നേരത്തെ തന്നെ കാപ്പിറ്റോളില്‍ നടന്ന ആക്രമണത്തിന് സമാനമായ ആക്രമണം ബൈഡന്‍ സ്ഥാനമേറ്റെടുക്കുന്ന ദിവസവും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് വിവിധ ഫെഡറല്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ യുഎസ് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് കൂടിയാണ് പുതിയ ഉത്തരവ്.