ചായക്കോപ്പയിലും മല്ല്യ വര്‍ദ്ധന കണ്ടെത്തിയ തന്ത്രശാലി

കൊച്ചി: “15 രൂപയുടെ ചായകുടിക്കുന്നവര്‍ക്ക്‌ ഒരു കപ്പും കുറെ പച്ചക്കറി വിത്തുകളും ഫ്രീ . 20 രൂപയുടെ ചായയാണെങ്കില്‍ ഫ്രീയായി ചായ കപ്പും തിന്നാം. കോവിഡ്‌ കാലത്തെ അതിജീവന പോരാട്ടത്തിനിടെ പനമ്പിളളി നഗറിലെ ഒരു തട്ടുകടിയില്‍ പരീക്ഷിച്ചു വിജയിച്ച വ്യാപാര തന്ത്രമാണിത്‌. നിലമ്പൂര്‍ സ്വദേശിയായ ജോജിയാണ്‌ ചായക്കോപ്പയിലും മൂല്ല്യ വര്‍ദ്ധന കണ്ടെത്തിയ വ്യാപാരി.

കഴിഞ്ഞ 20 വര്‍ഷത്തോളമായി ജോജി കൊച്ചിയില്‍ ടാക്‌സി ഡ്രൈവറാണ്‌. തട്ടുകട ഒരു ചെറിയ സൈഡ്‌ ബിസിനസ്‌ ആയിരുന്നു. കോവിഡ്‌ കാലത്ത്‌ ടാക്‌സിക്ക്‌ ഓട്ടമില്ലാതായതോടെ ജീവിക്കാന്‍ മറ്റുമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തേണ്ടതായി വന്നു. അതോടെ ചായക്കട മുഖ്യ വരുമാനമാര്‍ഗ്ഗമാക്കി. എന്നാല്‍ ചായക്കട രോഗ വ്യാപനത്തിന്‌ ഇടയാക്കുമെന്നതിനാല്‍ ചായ കച്ചവടവും പ്രതിസന്ധിയിലായി. ഡിസിപോസിബിള്‍ കപ്പിലാണ്‌ ആദ്യമൊക്കെ ചായകൊടുത്തിരുന്നത്‌. പക്ഷെ വലിച്ചെറിയുന്ന ഡിസ്‌പോസിബിള്‍ കപ്പുകള്‍ മാലിന്യ പ്രശ്‌നം രൂക്ഷമാക്കി. അതോടെ വേറെ മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വന്നു.

അതേക്കുറിച്ചുളള അന്വേഷണത്തിലാണ്‌ കൊല്‍ക്കൊത്തയിലെ മണ്‍ കപ്പുകളിലും ഈറോഡിലെ ബിസ്‌ക്കറ്റ്‌ കപ്പുകളിലുമെത്തിയത്‌. ഇവ ഇറക്കുമതി ചെയ്‌തതോടെ ചായക്കട ശ്രദ്ധേയമായി. 10 രൂപക്ക്‌ ഡിസ്‌പോസിബിള്‍ കപ്പില്‍ വിറ്റിരുന്ന ചായ 15 ഉം, 20ഉം രൂപയുടെ മൂല്ല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളായി . മണ്‍കപ്പില്‍ 15 രൂപയുടെ ചായകുടിക്കുന്നവര്‍ക്ക്‌ കപ്പ്‌ വീട്ടില്‍ കൊണ്ടുപോകാം. ഒപ്പം കുറെ പച്ചക്കറി വിത്തുകളും സൗജന്യമായി ലഭിക്കും. ബിസ്‌ക്കറ്റ് ‌കപ്പിലാണെങ്കില്‍ ചായ കുടിച്ച്‌ തീരുന്നതിനനുസരിച്ച്‌ കപ്പും തീന്നുതീര്‍ക്കാം. വലിച്ചെറിയുന്നതുമില്ല, മാലിന്യവുമില്ല.

കോവിഡ്‌ കാലത്ത് ഓട്ടം കുറവാണെങ്കിലും രാവിലെ കാറുമായി സ്‌റ്റാന്‍റിലെത്തുന്ന ജോജി ഉച്ചക്ക് 2 വരെ ഡ്രൈവറായി ജോലി ചെയ്യും. അതുകഴിഞ്ഞ്‌ പനമ്പിളളി നഗറിലെത്തി തട്ടുകട തുറക്കും. രാത്രി 11.30 വരെയാണ് പ്രവര്‍ത്തന സമയം. നാലുമണിയാകുന്നതോടെ തട്ടുദോശമുതല്‍ ചിക്കന്‍ ബിരിയാണിയും ,കുഴിമന്തിയും വരെയുളള മറ്റൊരു തട്ടുകടയും ഇവിടെയെത്തും. ജോജി കൂടി അംഗമായിട്ടുളള ‘പാപ്രിക്ക’ അയല്‍ക്കൂട്ടത്തിന്റെതാ ണീ തട്ടുകട.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →