സിഡ്നി: സിഡ്നിയിലെ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മൂന്നാം ടെസ്റ്റിനിടെ ഇന്ത്യൻ കളിക്കാർക്കെതിരായ വംശീയ അധിക്ഷേപത്തെ രൂക്ഷമായി അപലപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രസ്താവന ഇറക്കി. ശനിയാഴ്ച(09/01/21) നടന്ന മത്സരത്തിനിടെ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ എന്നിവരെ ഗ്യാലറിയിൽ ഇരുന്ന ചില ഓസ്ട്രേലിയൻ ആരാധകർ അധിക്ഷേപിക്കുകയായിരുന്നു.
ഇതു സംബന്ധിച്ച് ടീം ഇന്ത്യ മാച്ച് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. സിഡ്നി ടെസ്റ്റിന്റെ നാലാം ദിവസമായ ഞായറാഴ്ചയും ആരാധകരുടെ മോശം പെരുമാറ്റം തുടർന്നു, ഇത്തവണയും മുഹമ്മദ് സിറാജിനെതിരെയായിരുന്നു അധിക്ഷേപം. തുടർന്ന് സിറാജ് ടീമംഗങ്ങളെ വിവരമറിയിക്കുകയും ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ഓൺ-ഫീൽഡ് അമ്പയർമാരുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തു. ഇതോടെ പത്ത് മിനിറ്റ് കളി നിർത്തിവയ്ക്കേണ്ടി വന്നു.
തുടർന്ന് ആറ് ഓസ്ട്രേലിയൻ ആരാധകരെ പൊലീസ് ഗ്യാലറിയിൽ നിന്നും പുറത്താക്കി.
അതിഥികളായ ഇന്ത്യൻ കളിക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതിനെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയ ശകതമായാണ് പ്രതികരിച്ചത്.
“എല്ലാ വിവേചനപരമായ പെരുമാറ്റത്തെയും സാധ്യമായ ഏറ്റവും ശക്തമായ രീതിയിൽ ക്രിക്കറ്റ് ഓസ്ട്രേലിയ അപലപിക്കുന്നു,” ക്രിക്കറ്റ് ഓസ്ട്രേലിയയുടെ സുരക്ഷ വിഭാഗം മേധാവി സീൻ കരോൾ പറഞ്ഞു.
ഇന്ത്യൻ കളിക്കാർക്ക് നേരെ അധിക്ഷേപം നടത്തിയവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ഐസിസിയുടെ അന്വേഷണത്തിനായി ക്രിക്കറ്റ് ഓസ്ട്രേലിയ കാത്തിരിക്കുകയാണെന്നും കരോൾ വ്യക്തമാക്കി.
“ വംശീയ അധിക്ഷേപം നടത്തുന്നവരെ, ഓസ്ട്രേലിയൻ ക്രിക്കറ്റ് സ്വാഗതം ചെയ്യുന്നില്ല. എസ്സിജിയിൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്ത വിഷയത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അന്വേഷണ ഫലത്തിനായി ക്രിക്കറ്റ് ഓസ്ട്രേലിയ കാത്തിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ടവരെ തിരിച്ചറിഞ്ഞാൽ കർശന നടപടിയുണ്ടാകും’ അദ്ദേഹം പറഞ്ഞു.

