കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ കേസില്‍ ജാമ്യം റദ്ദാക്കപ്പെട്ട താഹ ഫസല്‍ കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ കീഴടങ്ങി. അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് കീഴടങ്ങിയത്.
ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് താഹ പറഞ്ഞു. ജാമ്യം റദ്ദാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും താഹ മാധ്യമങ്ങളോട് പ്രതികരിച്ചു. തെറ്റ് ചെയ്തിട്ടില്ല. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല. മാവോയിസ്റ്റ് പ്രചാരകനല്ലെന്നും താഹ പറഞ്ഞു.
താഹ ഫസലിനും അലന് ഷുഹൈബിനും എറണാകുളത്തെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്
ദേശീയ അന്വേഷണ ഏജന്‍സി നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ജാമ്യം റദ്ദാക്കുന്ന നടപടിയെടുത്തത്.
അലന് ഷുഹൈബിന് ജാമ്യം അനുവദിച്ചതില്‍ ഇടപെടുന്നില്ലെന്നു ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കാനും നിര്‍ദേശിച്ചു.
അലന് ഷുഹൈബിന്റെ പക്കല്‍ നിന്നു പിടിച്ചെടുത്ത രേഖകൾ ഗുരുതരമല്ലെന്ന് കണ്ടെത്തിയാണ് ഹൈക്കോടതി ജാമ്യം റദ്ദ് ചെയ്യാതിരുന്നത്. അറസ്റ്റിലാകുമ്പോള്‍ അലൻ്റെ പ്രായം 20 വയസ് മാത്രമായിരുന്നെന്നും വിലയിരുത്തി. അലന് നേരത്തെ മാനസിക രോഗത്തിനു ചികിത്സയിലാണെന്നതും കോടതി പരിഗണിച്ചു
2019 നവംബര്‍ ഒന്നിനാണ് ഇവരെ കോഴിക്കോട് പന്തീരാങ്കാവില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍ നിന്ന് മാവോയിസ്റ്റ് സംഘടനയുടെ ലഘുലേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തുവെന്ന് വ്യക്തമാക്കി യുഎപിഎ ചുമത്തി. തുടർന്ന് അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു.

