തിരുവനന്തപുരം: കുടപ്പന വാര്‍ഡിലെ കൗണ്‍സിലര്‍ ജയചന്ദ്രന്‍ നായര്‍ കോവിഡ് പോസിറ്റീവായിരുന്നതിനാല്‍ പിപിഇ കിറ്റ് ധരിച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയത്. നഗരസഭയിലെ 99 കൗണ്‍സിലര്‍ മാരും സത്യ പ്രതിജ്ഞ ചൊല്ലിയതി്‌ന ശേഷമാണ് ജയചന്ദ്രന്‍ നായരുടെ ഊഴമെത്തിയത്. ഉച്ചക്ക് 1.30ന് ജനറല്‍ ആശുപത്രിയില്‍ നിന്ന നഗരസഭയുടെ ആംബുലന്‍സില്‍ പിപിഇ കിറ്റും, കഴുത്തില്‍ ചുവന്ന ഷാളുമിട്ട് ഇദ്ദേഹം ഹാളിന് പുറത്തിറങ്ങി. അതിന് മുമ്പ് കോവിഡ് ബാധിതന്‍ എത്തുന്നുണ്ടെന്നും എല്ലാവരും അകലം പാലിക്കണമെന്നും കളക്ടര്‍ അറിയിപ്പു നല്‍കി. പോലീസുദ്യോഗസ്ഥര്‍ ഒരുക്കിയ വഴിയിലൂടെ ഹാളില്‍ പ്രവേശിച്ച ജയചന്ദ്രന്‍നായര്‍ സത്യപ്രതിജ്ഞ ചൊല്ലി. അഞ്ച് മിനിട്ടിനകം ആശുപത്രിയിലേക്ക് തിരിച്ചുപോകുകയും ചെയ്തു.
വലിയ ആവേശത്തോടെയും മുദ്രാവാക്യം വിളികളോടെയുമാണ് ഇദ്ദേഹത്തെ പ്രവര്‍ത്തകര്‍ വരവേറ്റത്. ജയചന്ദ്രന്‍നായര്‍ വരുന്നതിന് മുന്നോടിയായി അവസാനത്തെ മൂന്ന് കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞക്ക് മുമ്പായി കളക്ടര്‍ നവ്‌ജ്യോത് ഖോസ ഹാളിന് പുറത്തുവന്ന് തയ്യാറെടുപ്പുകള്‍ പരിശോധിച്ചു. ഇദ്ദേഹം തിരിച്ചുപോയതിന് ശേഷം പരിസരം അണുവിമുക്തമാക്കി.
ഈമാസം പത്തിനാണ് ജയചന്ദ്രന്‍ നായര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഞായറാഴ്ച രണ്ടാമതും പരിശോധിച്ചെങ്കിലും നെഗറ്റീവ് ആയിരുന്നില്ല. ഇതോടെ അദ്ദേഹത്തെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. . മറ്റ് ശാരീരിക അസ്വസ്ഥതകള്‍ ഒന്നും ഇല്ലെന്ന് ജയചന്ദ്രന്‍ നായര്‍ പറഞ്ഞു.