കോഴിക്കോട്: പോലീസിന്റെ കണ്മുമ്പില് വെച്ച് ജീവനൊടുക്കിയ കക്കോടി സ്വദേശി രാജേഷിന്റെ ബന്ധുക്കള്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത്. പോലീസ് കളളക്കേസില്‍ കുടുക്കിയെന്നാരോപിച്ചായിരുന്നു രാജേഷ് ജീവനൊടുക്കിയത്. കളളക്കേസില്‍ കുടുക്കിയവരെ കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്കിയതു മുതലാണ് പോലീസുകാര്‍ക്ക് പക തുടങ്ങിയതെന്ന് രാജേഷിന്റെ ബന്ധുക്കള്‍ പറയുന്നു.
ഇക്കഴിഞ്ഞ ശിയാഴ്ച (5.12.2020)കക്കോടി സ്വദേശി 33 കാരന് രാജേഷ് തന്റെ മരണത്തിന് തൊട്ടുമുമ്പ് ലോകത്തോട് വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. പോലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്തുപറഞ്ഞായിരുന്നു രാജേഷിന്റെ ആത്മഹത്യ. ചെയ്യാത്ത കുറ്റങ്ങള്‍ തന്റെ പേരില്‍ കെട്ടിവച്ചെന്നും മോഷ്ടാവെന്ന മുദ്ര ചാര്‍ത്തപ്പെട്ടതോടെ തനിക്ക് ഭാര്യ ഉള്‍പ്പടെ നഷ്ടമായെന്നും രാജേഷ് പറഞ്ഞു.
മദ്യപിച്ച് വീട്ടില്‍ കിടന്നുറങ്ങിയതിനെ തുടര്‍ന്നായിരുന്നു പോലീസ് ആദ്യം തന്നെ കളളക്കേസില്‍ കുടുക്കിയതെന്ന് ആത്മഹത്യാ കുറിപ്പില്‍ രാജേഷ് പറയുന്നു. പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയതിന് പിന്നാലെ തെളിയാത്ത കേസുകള്‍ പോലീസ് രാജേഷിന്റെ മേല്‍ കെട്ടിവച്ചെന്നും പരാതിയില്‍ പറയുന്നു. കേസന്വേഷണത്തിന്റെ ഭാഗമായി വലിയ ശാരീരിക പീഡനങ്ങളും മാനസീക വ്യഥയും രാജേഷിനും കുടുംബത്തിനും നേരിടേണ്ടി വന്നു.
ഭാര്യ വീടിന് സമീപത്തെ മരത്തില്‍ കയറിയാണ് രാജേഷ് ജീവനൊടുക്കിയത്. ചേവായൂര്‍ സ്റ്റേഷനിലെ പോലീസുകാരും ഫയര്‍ഫോഴ്സും നോക്കി നില്‍ക്കെയായിരുന്നു ആത്മഹത്യ. പോലീസുകാര്‍ക്കൊപ്പം ഭാര്യ വീട്ടുകാര്‍ക്കും ഈ ദുരന്തത്തില്‍ പങ്കുണ്ടെന്ന് രാജേഷിന്റെ കുടുംബം ആരോപിക്കുന്നു.
നന്നായി കവിതകള്‍ എഴുതിയിരുന്ന ആളാണ് രാജേഷ് .അകാരണമായി മാസങ്ങളോളം റിമാന്റ് തടവുകാരനായി ജയിലില്‍ കഴിഞ്ഞ രാജേഷ് മനുഷ്യാവകാശ കമ്മീഷനും പോലീസ് കംപ്ലയിന്റ് അതോരിറ്റിക്കുമെല്ലാം പരാതി നല്‍കിയരുന്നു. എന്നാല്‍ ഒന്നും സംഭവിച്ചില്ല. ഒരു കേസില്‍ പ്രതിയായാല്‍ നിയഹായനായ മനുഷ്യനോട് നിയമ പാലകര്‍ സ്വീകരിക്കുന്ന നിലപാടിന് ഉദാഹരണമാണ് ഈ സംഭവം. കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശനമായ അന്വേഷണവും നടപടിയും ആണ് ഇനി ആവശ്യം.

