ന്യൂയോര്‍ക്ക്: തന്റെ പ്രസിഡന്റ് പദവിയെ തന്നെ അപകടത്തിലാക്കിയാണ് ബരാക് ഒബാമ 2011ല്‍ ഒസാമ ബിന്‍ ലാദനെ വധിക്കാന്‍ തീരുമാനിച്ചതെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ”ആ തീരുമാനം എടുക്കാന്‍ യഥാര്‍ത്ഥത്തില്‍ ധൈര്യം ആവശ്യമാണ്,” അന്ന് ആ ഉത്തരവിടാന്‍ കുറച്ച് കൂടി കാത്തിരിക്കാന്‍ താന്‍ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹമതിന് തയ്യാറായില്ലെന്നും സിഎന്‍എന്നിനോട് ബൈഡന്‍ പറഞ്ഞു. ഓപ്പറേഷന്‍ നെപ്ട്യൂൺ സ്പിയറുമായി മുന്നോട്ട് പോവുന്നത് മാറ്റി വയക്കാന്‍ ബൈഡന്‍ നിര്‍ദേശിച്ചിരുന്നതായി ഒബാമയുടെ ‘ ദ പ്രോമിസ്ഡ് ലാന്‍ഡ് ‘ എന്ന തന്റെ ഓര്‍മക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം അന്ന് ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്നു ബൈഡന്‍.
ലാദന്‍ എവിടെയുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സിയ്ക്ക് കൂടുതല്‍ ഉറപ്പു വരുത്തുന്നത് വരെ ആക്രമണം മാറ്റി വയ്ക്കണമെന്നായിരുന്നു ജോ ബൈഡന്റെ നിലപാടെന്ന് ഒബാമ പറയുന്നു. എന്നാല്‍ ഒട്ടും സമയം പാഴാക്കാതെ ഒബാമ ഭരണകൂടം ഓപ്പറേഷന്‍ നെപ്ട്യൂൺ സ്പിയറുമായി മുന്നോട്ട് പോവുകയായിരുന്നു.2011 മേയ് 2നാണ് ബിന്‍ ലാദനെ യു.എസ് കമാന്‍ഡോകള്‍ വധിച്ചത്. അബോട്ടാബാധിലെ പാക് മിലിട്ടറി കന്റോണ്‍മെന്റിനടുത്തുള്ള സുരക്ഷിത താവളത്തിലായിരുന്നു ബിന്‍ ലാദന്‍ കഴിഞ്ഞിരുന്നത്. ബിന്‍ ലാദനെ പറ്റിയുള്ള വിവരം ലഭിച്ചതിന് പിന്നാലെ അയാളെ വകവരുത്താന്‍ നടത്തിയ പദ്ധതികളെ പറ്റിയും ഒബാമ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.