പാലക്കാട്: സുസ്ഥിര ഭരണം സുതാര്യ ഭരണം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ബിജെപി പാലക്കാട്ട് നഗരസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറിയും നഗര സഭ മുന്‍ വൈസ് ചെയര്‍മാനുമായ സി കൃഷ്‌ണകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 221 കോടി രൂപയുടെ പദ്ധതികളാണ് നഗരത്തില്‍ പുരോഗമിക്കുന്നത്. ഇതില്‍ 60 ശതമാനം പൂര്‍ത്തിയായി. മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതിന് ലോക ബാങ്കിന്‍റെ സഹായത്തോടെ 22 കോടി രൂപ ചെലവില്‍ ആധുനീക സംവിധാനത്തോടെയുളള മാലിന്യ സംസ്‌കരണ പ്ലാന്‍റ് നിര്‍മ്മിക്കുന്നതിന് ടെന്‍റര്‍ പൂര്‍ത്തിയായി. പുതുപ്പളളി തെരുവില്‍ 11.03 കോടി രൂപയുടെ ആധുനീക അറവുശാലയുടെ നിര്‍മ്മാണം ഉടനെ പൂര്‍ത്തിയാകും. 24 മണിക്കൂര്‍ കുടിവെളളം ലഭ്യമാക്കുന്നതിനും പദ്ധതിയും സ്റ്റേഡിയം ബസ്സ്റ്റാന്‍റ് അന്താരാഷ്ട്ര നിലവാരത്തിലാക്കുന്ന ജോലികളും പുരോഗമിക്കുന്നുണ്ടെന്ന് പാലക്കാട് നഗരസഭയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ റിപ്പോര്‍ട്ട് കാര്‍ഡും വികസന രേഖയും പ്രകാശനം ചെയത് അദ്ദേഹം പറഞ്ഞു.
നഗരത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ എംപിയും എംഎല്‍എയും അതിന് തുരങ്കം വയ്‌ക്കാനാണ് ശ്രമിച്ചത്. നഗര സഭയുടെ ചരിത്രത്തില്‍ 1079 ല്‍ സിപിഎം നേതൃത്വത്തിലുളള ഭരണ സമിതി കാലാവധി പൂര്‍ത്തിയാക്കിയതൊഴിച്ചാല്‍ തുടര്‍ന്ന് 40 വര്‍ഷത്തോളം ഇടതിന്‍റെയും വലതിന്‍റെയും ചെയര്‍മാന്‍മാര്‍ക്ക് കാലാവധി പൂര്‍ത്തിയാക്കാതെ കസേര ഒഴിയേണ്ടി വന്ന സാഹചര്യമാണുണ്ടായത്. സംസ്ഥാനത്ത് ആദ്യമായി നഗര സഭയുടെ ഭരണത്തിലേറിയ ബിജെപിക്ക് കാലാവധി പൂര്‍ത്തിയാക്കാനായത് വലിയ നേട്ടമാണെന്നും കൃഷ്‌ണകുമാര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡന്‍റ് ഇ കൃഷ്‌ണദാസ്, പ്രമീള ശശിധരന്‍, പി സ്‌മിതേഷ് എന്നിവര്‍ പങ്കെടുത്തു.

