നമീബിയ: ആഫ്രിക്കന്‍ രാജ്യമായ നമീബിയയിലെ ഓശാന പ്രദേശത്തെ തിരഞ്ഞെടുപ്പില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് വന്‍വിജയം നേടിയതോടെ ലോകശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ് ഒരു സ്ഥാനാര്‍ഥി. പേരാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. അഡോള്‍ഫ് ഹിറ്റ്ലര്‍ യുനോന എന്നാണ് ആ പേര്. എന്നാല്‍ ഈ ഹിറ്റ്‌ലറിന് പഴയ ജര്‍മന്‍ ഏകാധിപതി ഹിറ്റ്‌ലറുമായി യാതൊരു ബന്ധവുമില്ല. ദക്ഷിണാഫ്രിക്കയിയിലെ വര്‍ണവിവേചന ഭരണകൂടത്തില്‍ നിന്ന് 1990ല്‍ സ്വാതന്ത്ര്യം നേടിയതിന് ശേഷം രാജ്യം ഭരിക്കുന്ന എസ്ഡബ്ല്യുഎപിഒ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായാണ് അഡോള്‍ഫ് ഹിറ്റ്ലര്‍ യുനോന മത്സരിച്ചത്. ആകെ വോട്ടില്‍ 85 ശതമാനവും നേടിയാണ് ഹിറ്റ്‌ലര്‍ വിജയിച്ചത്. വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചതിന് പിന്നാലെ അധികാരം ഉപയോഗിച്ച് ലോകം കീഴടക്കാന്‍ ശ്രമിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
നേരത്തെ ജര്‍മന്‍ കോളനി കൂടിയായിരുന്നു നമീബിയ. ജര്‍മനിയിലെ ഹിറ്റ്ലറെ കുറിച്ച് അധികമൊന്നും അറിവില്ലാതിരുന്ന പിതാവാണ് തനിക്ക് ഈ പേരിട്ടതെന്ന് ഹിറ്റ്ലര്‍ പറയുന്നു. കുട്ടിക്കാലത്ത് ഈ പേര് ഒരു സാധാരണ പേരായാണ് തോന്നിയിരുന്നത്. പിന്നീടാണ് പേരിലെ കാര്യം മനസിലാത്. ഭാര്യ വിളിക്കുന്നത് അഡോള്‍ഫെന്നാണ്. ഇനി പേരുമാറ്റിയിട്ടൊന്നും കാര്യമില്ല. ഈ പേരുള്ളതു കൊണ്ട് ഓശാന കീഴടക്കാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം അറിയിച്ചു. ഓശാനയില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഹിറ്റ്ലറാണ് ജയിച്ചത്.

