തിരുവനന്തപുരത്ത് 217 ക്യാമ്പുകള്‍ തുറന്നു; എന്‍. ഡി. ആര്‍. എഫ് സംഘം അപകട സാധ്യതാ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

തിരുവനന്തപുരം: ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരം ജില്ലയില്‍ 217 ക്യാമ്പുകള്‍ തുറന്നു. അപകട സാധ്യതാ മേഖലകളില്‍ നിന്ന് 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കോട്ടയം ജില്ലയില്‍ 163 ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇടുക്കിയില്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചിട്ടുണ്ട്.

വിവിധ ജില്ലകളിലെ അപകട സാധ്യതാ പ്രദേശങ്ങള്‍ എന്‍. ഡി. ആര്‍. എഫ് സംഘം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. കൊല്ലത്ത് മണ്‍ട്രോത്തുരുത്തിലും കരുനാഗപ്പള്ളി, പരവൂര്‍ എന്നിവിടങ്ങളിലെ തീരമേഖലകളിലും എന്‍. ഡി. ആര്‍. എഫ് സന്ദര്‍ശനം നടത്തി. തെന്‍മല ഡാമിന്റെ ഷട്ടര്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കൊല്ലത്തു നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകള്‍ എല്ലാം തിരികെയെത്തിയിട്ടുണ്ട്. കോട്ടയത്ത് ഡിസംബര്‍ അഞ്ച് വരെ മത്സ്യബന്ധനത്തിന് നിരോധനം ഏര്‍പ്പെടുത്തി.

ആലപ്പുഴയില്‍ 17 അംഗ എന്‍. ഡി. ആര്‍. എഫ് സംഘം അമ്പലപ്പുഴ താലൂക്കിലെ വണ്ടാനം മുതല്‍ പുറക്കാട് അയ്യന്‍കോയിക്കല്‍ കടപ്പുറം വരെ സന്ദര്‍ശിച്ചു. ഇടുക്കിയില്‍ എന്‍. ഡി. ആര്‍. എഫിന്റെ 20 അംഗ സംഘം പൈനാവിലും 20 അംഗങ്ങളുള്ള മറ്റൊരു സംഘം മൂന്നാറിലും ക്യാമ്പ് ചെയ്യുന്നു. എറണാകുളത്ത് 19 അംഗ എന്‍. ഡി. ആര്‍. എഫ് സംഘം എത്തിയിട്ടുണ്ട്.

പത്തനംതിട്ട ജില്ലയില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗുകള്‍ എന്നിവ നീക്കം ചെയ്യാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ 16 അംഗ എന്‍. ഡി. ആര്‍. എഫ് സംഘമാണുള്ളത്.

ബന്ധപ്പെട്ട രേഖ: https://keralanews.gov.in/9332/Cyclone-Burevi.html

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →