ഗുരുവായൂര്‍: ഗുരുവായൂര്‍ ശ്രീകൃണസ്വാമി ക്ഷേത്രം നാലമ്പലത്തില്‍ ഡിസംബര്‍ 1 മുതല്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കും. ദര്‍ശനത്തിനും വിവാഹങ്ങള്‍ക്കും തുലാഭാരം വഴിപാടിനും കൂടുതല്‍ സൗകര്യമേര്‍പ്പെടുത്താന്‍ ഭരണ സമിതി യോഗം തീരുമാനിച്ചു. വെര്‍ച്വല്‍ക്യൂ വഴിയും ,പ്രാദേശികക്കാര്‍, ജീവനക്കാര്‍ പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും അനുവദിച്ച പ്രകാരവും ദര്‍ശനം നടത്താം. നെയ്‌വിളക്ക് വഴിപാടുളള ഭക്തര്‍ക്ക് നേരിട്ട് നാലമ്പലത്തില്‍ പ്രവേശിക്കാം.
വെര്‍ച്വല്‍ ക്യൂവില്‍ ദിവസം 4000 പേര്‍ക്കാണ് ദര്‍ശനം. കിഴക്കേ നടയില്‍ വഴിപാട് കൗണ്ടര്‍ തുറക്കും. തുലാഭാരത്തിന് ഭഗവതി അമ്പലം വഴി പ്രവേശിപ്പിക്കും. അവര്‍ക്ക് നിയന്ത്രണങ്ങളോടെ ദര്‍ശനം അനുവദിക്കും. ദിവസം 100 വിവാഹങ്ങള്‍ നടത്താനും അനുമതി നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ കെബി മോഹന്‍ദാസും അഡ്മിനിസ്‌ട്രേറ്റര്‍ ടി ബ്രിജാകുമാരിയും അറിയിച്ചു.
ഭക്തര്‍ക്ക് കിഴക്കേഗോപുരം വഴി ചുറ്റമ്പലത്തില്‍ പ്രവേശിച്ച് അയ്യപ്പ ദര്‍ശനം നടത്തി വിളക്കുമാഠത്തിനരുകിലുളള ക്യൂ വഴി പ്രദക്ഷിണം ചെയ്ത് കിഴക്കേ വാതില്‍ വഴി നാലമ്പലത്തില്‍ കടക്കാം. തുടര്‍ന്ന് നമസ്‌ക്കാര മണ്ഡപത്തിന് മുന്നില്‍ വന്ന് ഗുരുവായൂരപ്പനെയും ഗണപതിയേയും ദര്‍ശിച്ച് വടക്കേ വാതില്‍ വഴി ചുറ്റമ്പലത്തില്‍ പ്രവേശിച്ച് ഭഗവതി ദര്‍ശനത്തിന് ശേഷം പുറത്തിറങ്ങണം
ദര്‍ശന സമയം പ്രാദേശികക്കാര്‍, ജീവനക്കാര്‍, പെന്‍ഷന്‍കാര്‍,കുടുംബാംഗങ്ങള്‍ എന്നിവര്‍ക്ക് രാവിലെ 5.30-6.30 വരെയും, വെര്‍ച്വല്‍ക്യൂ രാവിലെ 4.30-5.30, 9.30-1.30, വൈകിട്ട് 5-6.30, 7.30-8.30 വരെയും, നെയ്‌വിളക്ക് ദര്‍ശനം ക്ഷേത്രം തുറന്നിരിക്കുമ്പോഴെല്ലാം , ദേവസ്വം ജീവനക്കാര്‍ക്ക് ഉച്ചക്ക് 1-1.30 വരെയും എന്നിങ്ങനെയാണ്.

