വോട്ടെടുപ്പ് ദിവസം വേതനത്തോടെ അവധി

പത്തനംതിട്ട: തദ്ദേശ പൊതുതെരഞ്ഞെടുപ്പ് ദിവസം വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോട് കൂടിയുള്ള അവധി അനുവദിച്ച് നല്‍കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി.

1994  ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ 146 എ വകുപ്പ് പ്രകാരവും 1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 202 എ വകുപ്പ് പ്രകാരവും സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യസ്ഥാപനത്തിലോ വ്യാപാരസ്ഥാപനത്തിലാ വ്യവസായ സ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും പഞ്ചായത്ത്/ മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അര്‍ഹതയുള്ളതുമായ ഓരോ ആള്‍ക്കും പൊതുതെരഞ്ഞെടുപ്പ് ദിവസം അവധി അനുവദിക്കേണ്ടതാണെന്നും അത്തരത്തില്‍ അവധിമൂലം അപ്രകാരമുള്ള ഏതെങ്കിലും ആളിന്റെ വേതനം കുറവു ചെയ്യുകയോ വേതനം അനുവദിക്കാതിരിക്കുകയോ ചെയ്യുവാന്‍ പാടില്ലായെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

ഈ സാഹചര്യത്തില്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഡിസംബര്‍ എട്ടിന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെയും ഡിസംബര്‍ 10 ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലെയും ഡിസംബര്‍ 14ന് പൊതുതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെയും സ്വകാര്യ മേഖലയിലുള്ള ഏതെങ്കിലും വാണിജ്യ സ്ഥാപനത്തിനോ വ്യാപാര സ്ഥാപനത്തിലോ വ്യവസായ സ്ഥാപനത്തിലോ മറ്റ് ഏതെങ്കിലും സ്ഥാപനത്തിലോ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതും പഞ്ചായത്ത് മുനിസിപ്പാലിറ്റി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് അര്‍ഹതയുള്ളതുമായ ആളുകള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് വേതനത്തോട് കൂടിയുള്ള അവധി നല്‍കണമെന്നും എന്നാല്‍, അപ്രകാരം ഒരാളിന് അവധി അനുവദിക്കുന്നതുമൂലം അയാള്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് ആപത്ക്കരമോ സാരവത്തായ നഷ്ടമോ ഇടവരുന്നെങ്കില്‍ അയാള്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും  ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു.

സ്വന്തം ജില്ലയ്ക്ക് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് ബന്ധപ്പെട്ട വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിംഗ് സ്‌റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിനു പ്രത്യേക അനുമതി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →