ന്യൂഡൽഹി: രാജ്യത്തെ പ്രധാന വിപണികളിലുടനീളം ഈ ദീപാവലിയിൽ 72,000 കോടി രൂപയുടെ വിൽപ്പന നടന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) 15/11/20 ഞായറാഴ്ച അറിയിച്ചു.
ചൈനീസ് ഉൽപന്നങ്ങൾ ബഹിഷ്കരിക്കാനുള്ള സിഎഐടിയുടെ ആഹ്വാനത്തിനിടയിലായിരുന്നു ഈ വർഷത്തെ ദീപാവലി.
“ഇന്ത്യയിലെ പ്രമുഖ വിതരണ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന 20 വ്യത്യസ്ത നഗരങ്ങളിൽ നിന്ന് ശേഖരിച്ച റിപ്പോർട്ടുകൾ പ്രകാരം ദീപാവലി ഉത്സവ വിൽപ്പന 72,000 കോടി രൂപയുടെ വിറ്റുവരവ് സൃഷ്ടിച്ചിട്ടുണ്ട്. ചൈനയ്ക്ക് 40,000 കോടി രൂപയുടെ നഷ്ടം പ്രതീക്ഷിക്കുകയും ചെയ്യുന്നു ” സിഎഐടി പ്രസ്താവനയിൽ പറഞ്ഞു.
ദില്ലി, മുംബൈ, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത, നാഗ്പൂർ, റായ്പൂർ, ഭുവനേശ്വർ, റാഞ്ചി, ഭോപ്പാൽ, ലഖ്നൗ, കാൺപൂർ, നോയിഡ, ജമ്മു, അഹമ്മദാബാദ്, സൂറത്ത്, കൊച്ചി, ജയ്പൂർ, ചണ്ഡിഗഡ് എന്നിവയുൾപ്പെടെ 20 നഗരങ്ങളിൽ നിന്നുമുള്ള വിവരങ്ങളാണ് സി എ ഐ ടി അതിന്റെ സർവേകളുടെ ആവശ്യത്തിനായി ശേഖരിച്ചത്.
ദീപാവലി സീസണിൽ വാണിജ്യ വിപണികളിൽ നടന്ന ശക്തമായ വിൽപ്പന ഭാവിയിലെ മികച്ച ബിസിനസ്സ് സാധ്യതകളെ സൂചിപ്പിക്കുന്നുവെന്നും സിഎഐടി പറഞ്ഞു.
എഫ്എംസിജി ഗുഡ്സ്, കൺസ്യൂമർ ഡ്യൂറബിൾസ്, കളിപ്പാട്ടങ്ങൾ, ഇലക്ട്രിക്കൽ ഉപകരണങ്ങൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, സമ്മാന ഇനങ്ങൾ, മിഠായി ഇനങ്ങൾ, മധുരപലഹാരങ്ങൾ, വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, സ്വർണാഭരണങ്ങൾ, പാദരക്ഷകൾ, വാച്ചുകൾ, ഫർണിച്ചറുകൾ, എന്നിവയാണ് ദീപാവലിയിൽ ഏറ്റവുമധികം വാങ്ങിയ ഉൽപ്പന്നങ്ങൾ.

