ബംഗളൂരു: ദേശസാല്‍കൃത ബാങ്കിന്റെ ലയനത്തിന്റെ പേരും പറഞ്ഞ് ഓണ്‍ലൈന്‍ തട്ടിപ്പ്. ബംഗളൂരുവിലെ വിജയ ബാങ്കിന്റെ ഉപഭോക്താവായ ദേവിക എന്ന വ്യക്തിയ്ക്ക് നഷ്ടമായത് ലക്ഷം രൂപയോളമാണ്. ഒക്ടോബര്‍ 27 ന് ബാങ്കിന്റെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയ വ്യക്തിയില്‍ നിന്ന് ദേവികയ്ക്ക് ഒരു കോള്‍ ലഭിച്ചു. ബാങ്കുകളുടെ ലയനത്തെത്തുടര്‍ന്ന് ബാങ്ക് പുതിയ ചെക്ക്ബുക്ക്, പാസ്ബുക്ക്, ഡെബിറ്റ് കാര്‍ഡ് എന്നിവ വിതരണം ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് അവരോട് ഒറ്റത്തവണ പാസ്വേഡ് (ഒടിപി) ചോദിച്ചു. അത് അവരുടെ നടപടിക്രമമാണെന്നും പറഞ്ഞതോടെ സ്ത്രീ നമ്പര്‍ നല്‍കുകയായിരുന്നു.
ഒടിപി നല്കിയ നിമിഷം തന്നെ അവരുടെ അക്കൗണ്ടില്‍ നിന്ന് പണം ഡെബിറ്റ് ചെയ്തതായി ഒരു സന്ദേശം ലഭിക്കുകയായിരുന്നു. അത് ചോദിച്ചപ്പോള്‍ തട്ടിപ്പ് നടത്തിയ വ്യക്തി വിജയ ബാങ്കില്‍ നിന്ന് ബാങ്ക് ഓഫ് ബറോഡയിലേക്ക് പണം കൈമാറുകയാണെന്ന് പറഞ്ഞു. വിജയ ബാങ്ക് ബാങ്ക് ഓഫ് ബറോഡയുമായി ലയിക്കുകയാണെന്ന് അറിയുന്നതിനാല്‍ തനിക്ക് സംശയം തോന്നിയില്ലെന്നും ദേവിയ പരാതിയില്‍ പറയുന്നു.

