ന്യൂ ഡല്‍ഹി: ബംഗ്ലാദേശിലെ കോമില ജില്ലയിലെ ഹിന്ദു കുടുംബങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമത്തെക്കുറിച്ച് ഇന്ത്യ ബംഗ്ലാദേശ് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും ഇക്കാര്യം അവിടത്തെ അധികൃതര്‍ അന്വേഷിക്കുന്നുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇസ്ലാമിനെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിട്ടെന്ന് ആരോപിച്ച് ബംഗ്ലാദേശില്‍ ഹിന്ദുക്കളുടെ വീടിന് നേരെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍.
പാരിസില്‍ പ്രവാചകനെ അധിക്ഷേപിച്ച് കാരിക്കേച്ചര്‍ വരച്ചെന്ന് ആരോപിച്ച് അധ്യാപകന്റെ തലവെട്ടിയതിന് പിന്നാലെ ഉയര്‍ന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ താമസിക്കുന്ന ബംഗ്ലാദേശ് വംശജന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് ഞായറാഴ്ച ഹിന്ദു വീടുകള്‍ക്ക് നേരെ ആക്രമണം നടന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ സ്വാഗതം ചെയ്ത്, ഒരു കിന്റര്ഗാര്ഡന് പ്രധാനാധ്യാപകനാണ് പോസ്റ്റിട്ടത്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് ബംഗ്ലാദേശ് പൊലീസ് വ്യക്തമാക്കി. നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പൊലീസ് വ്യക്തമാക്കി. കുര്ബാന്പൂര്, ആന്തിക്കോട്ട് ഗ്രാമങ്ങളില്‍ കൂടുതല്‍ പൊലീസ് സേനകളെ വിന്യസിച്ചിട്ടുണ്ട്.