തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് മൂന്ന് ഘട്ടമായിട്ടാണ് നടത്തുക.
ഡിസംബര്‍ 8,10, 14 തിയതികളിലാണ് വോട്ടെടുപ്പ്. ഡിസംബര്‍ 16-നാണ് വോട്ടെണ്ണല്‍.
ഡിസംബര്‍ 8 ചൊവ്വാഴ്ചയാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നത്. തിരുവനന്തപുരം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ്.
ഡിസംബര്‍ 10 വ്യാഴാഴ്ചയാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് വയനാട് എന്നീ ജില്ലകളിലാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക.
മൂന്നാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 14 തിങ്കളാഴ്ചയാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായിരിക്കും ഈ ദിവസങ്ങളില്‍ വോട്ടെടുപ്പ് നടക്കുക.
കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്താം.
രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുമണിവരെയാണ് വോട്ടെടുപ്പ്.
കൊവിഡ് പശ്ചാത്തലത്തില്‍ വോട്ടെടുപ്പിന് തടസമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 31നകം പുതിയ ഭരണസമിതി നിലവില്‍ വരുന്ന വിധത്തിവാവും തെരഞ്ഞെടുപ്പ്.
നവംബര്‍ 19നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 20നാണ്. നവംബര്‍ 23നാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കേണ്ട അവസാന തിയതി.
സ്ഥാനാര്‍ത്ഥികളുടെ ചെലവ് ഇരട്ടിയിലധികമാക്കിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു. ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തില്‍ 75,000 രൂപയും ജില്ലാപഞ്ചായത്ത്-കോര്‍പറേഷനുകളില്‍ 1.5 ലക്ഷം രൂപയുമാണ് ചെലവഴിക്കാവുന്ന തുക.മാതൃക പെരുമാറ്റച്ചട്ടം ഇന്നുമുതല്‍ നിലവില്‍ വരും.
1199 തദ്ദേശ സ്ഥാനപനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 941 ഗ്രാമപഞ്ചായത്ത്, 152 ബ്ലോക്ക് പഞ്ചായത്തുകള്‍ 14 ജില്ലാ പഞ്ചായത്തുകള്‍, 86 നഗരസഭകള്‍, ആറ് കോര്പ്പറേഷന് എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

