ഇന്ത്യൻ വനമനുഷ്യൻ ജാദവ് പയേങ്ങിന്റെ കഥ അമേരിക്കൻ സ്കൂൾ പാഠ്യപദ്ധതിയിൽ

ന്യൂഡൽഹി: തരിശായിക്കിടന്ന 550 ഏക്കർ മണൽത്തട്ടിനെ ജൈവ വൈവിധ്യ സമ്പന്നമായ വനമാക്കി വളർത്തിയെടുത്ത അസാംകാരനായ ജാദവ് പയേങ്ങിന്റെ കഥ അമേരിക്കൻ സ്കൂൾ പാഠ്യപദ്ധതിയിൽ ഇടം നേടി. നാലു പതിറ്റാണ്ട് നീളുന്ന ജാദവിന്റെ ഒറ്റയാൾ പോരാട്ടവും കാടിന്റെ ജനനവും ഇപ്പോൾ ബ്രിസ്റ്റോൾ കണക്റ്റിക്കട്ട് സ്‌കൂൾ വിദ്യാർത്ഥികളുടെ ആറാം ക്ലാസ് സിലബസിന്റെ ഭാഗമാണ്. പരിസ്ഥിതി പാഠത്തിന്റെ ഭാഗമായാണ് ജാദവി ന്റെ കഥ ഉൾപ്പെടുത്തിയിട്ടുള്ളത്.

57 കാരനായ ആസാമീസ് കർഷകന്റെ വിജയഗാഥ വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും ഇച്ഛാശക്തിയും പകർന്നു നൽകുന്നതാണെന്ന് അമേരിക്കയിലെ അധ്യാപകർ പറയുന്നു.

ശരിയായ മനോഭാവവും ദൃഢനിശ്ചയവും ഉണ്ടെങ്കിൽ ഒരു വ്യക്തിക്ക് ഏത് വലിയ നേട്ടവും കൈവരിക്കാം എന്നതിന്റെ ഉദാഹരണമാണ് ജാദവ് പയേങ്ങിന്റെ ജീവിത കഥയെന്ന് ഗ്രീൻ ഹിൽസ് സ്‌കൂളിലെ അധ്യാപകനായ ഡോൺ കില്ലിയോണി പറയുന്നു.

കിഴക്കൻ ആസാമിലെ മജുലി ദ്വീപിൻ്റെ പാരിസ്ഥിതിക തകർച്ചയെക്കുറിച്ച് ആശങ്കാകുലനായ പയേംഗ് തരിശായ മണൽത്തിട്ടയിൽ മരങ്ങൾ നടുകയായിരുന്നു. ആന, മാൻ, കാണ്ടാമൃഗം, കടുവ തുടങ്ങി നിരവധി മൃഗങ്ങളുള്ള ഒരു വനമായി ഇന്ന് ആ പ്രദേശം മാറിയിട്ടുണ്ട്.

“നിരവധി മൃഗങ്ങൾ അധിവസിക്കുന്ന ഒരു വനം അദ്ദേഹം ഒറ്റയ്ക്ക് വളർത്തി. പരിസ്ഥിതിയെക്കുറിച്ച് അറിയാനും പരിരക്ഷിക്കാനും ജാദവ് നമ്മുടെ വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്നു. ഓരോ വ്യക്തിയും ഒരു ചെറിയ പ്രവൃത്തി ചെയ്താൽ തന്നെ അതിന് പരിസ്ഥിതിയിൽ വലിയ സ്വാധീനം ചെലുത്താനാകും.” ഡോൺ കില്ലിയോണി പറഞ്ഞു.

യുഎസിലെ വിദ്യാർത്ഥികൾ തൻ്റെ ദീർഘനാളത്തെ പ്രവർത്തനത്തെ കുറിച്ച് പഠിക്കുന്നുണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ടെന്നാണ് പയേങ്ങ് പ്രതികരിച്ചത്.
‘ഫോറസ്റ്റ് മാൻ ഓഫ് ഇന്ത്യ’ എന്ന് വിശേഷിപ്പിക്കപ്പെട്ട ജാദവ് പയേങ്ങിനെ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →