കണ്ണൂർ: സംസ്ഥാനത്ത് കൊവിഡിന്റെ തുടക്കത്തിൽ വ്യാപനം നിയന്ത്രിക്കാൻ സഹായകമായ ജാഗ്രതയും കൂട്ടായ പ്രയത്നവും തുടരണമെന്ന് കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ പി. കെ. രാഗേഷ് .
ശാരീരികാരോഗ്യ സുരക്ഷയ്ക്കു നല്കുന്ന അതേ പ്രാധാന്യം മാനസികാരോഗ്യ സുരക്ഷയ്ക്കും നല്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരിലെ കേന്ദ്ര ഫീൽഡ് ഔട്ട്റീച്ച് ബ്യൂറോ ഐസിഡിഎസ് കണ്ണൂർ അർബനുമായി ചേർന്ന് നടത്തിയ ‘കൊവിഡ് കാലത്തെ ആരോഗ്യപൂർണമായ ജീവിതം’ എന്ന വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊറോണ ഭീതിയിൽ കുട്ടികൾക്കുള്ള വിവിധ പ്രതിരോധ കുത്തിവയ്പുകൾ മുടങ്ങുന്ന സാഹചര്യമുണ്ടാകരുതെന്ന് വെബിനാറിൽ വിഷയാവതരണം നടത്തിയ പെരളശേരി പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്വേത ആർ. റാം പറഞ്ഞു. ഓൺലൈൻ മാധ്യമങ്ങളിലൂടെ പഠനം നടത്തുന്ന കുട്ടികൾക്ക് കൃത്യമായ രീതിയിൽ അവ ഉപയോഗപ്പെടുത്താൻ പരിശീലനം നല്കണം. കുട്ടികൾ നേരിടുന്ന മാനസിക പ്രശ്നങ്ങൾ നിസാരമായി കാണരുതെന്നും ഡോ. ശ്വേത നിർദ്ദേശിച്ചു.
കണ്ണൂർ ജില്ലാ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ബിജു മാത്യു, ഫീൽഡ് പബ്ലിസിറ്റി അസിസ്റ്റൻറ് കെ.എസ്. ബാബു രാജൻ, കണ്ണൂർ അർബൻ ശിശു വികസന പ്രൊജക്ട് ഓഫീസർ രേണുക, സൂപ്പർവൈസർ ജിൻസി എന്നിവർ സംസാരിച്ചു.
ബന്ധപ്പെട്ട രേഖ: https://www.pib.gov.in/PressReleasePage.aspx?PRID=1667493

