തൃശ്ശൂർ : ക്രൂര മർദ്ദനമേറ്റ് മരിച്ച കഞ്ചാവ് കേസ് പ്രതി ഷമീറിനോട് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുവാൻ ജയിലധികൃതർ നിർബന്ധിച്ചു എന്ന് ഭാര്യ സുമയ്യ വെളിപ്പെടുത്തി. അറസ്റ്റിലായിരുന്ന സുമയ്യ വിയ്യൂ ർ സെൻട്രൽ ജയിലിൽ നിന്നും ജാമ്യത്തിലിറങ്ങിയതിനുശേഷം ജയിലധികൃതരുടെ ക്രൂരതകളെ കുറിച്ച് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു . 2020 സെപ്റ്റംബർ 30 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സെപ്റ്റംബർ 23 -ാം തീയതിയാണ് ഷമീറിനെയും ഭാര്യയെയും കഞ്ചാവ് കടത്തിയ കേസിൽ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്.
ഇരുവരെയും തൃശ്ശൂരിലെ കൊവിഡ് നിരീക്ഷണകേന്ദ്രമായ അമ്പിളികല ഹോസ്റ്റലിലാണ് താമസിപ്പിച്ചിരുന്നത്. ‘അപസ്മാര രോഗിയാണ് മർദ്ദിക്കരുത്’ എന്ന് പ്രതികളെ കൈമാറുമ്പോൾ പോലീസ് ജയിലധികൃതരോട് പ്രത്യേകം പറഞ്ഞിരുന്നു. ഇത് ഇഷ്ടപ്പെടാത്ത പോലെ ആയിരുന്നു അവരുടെ പെരുമാറ്റം. ‘ലോക്കൽ പോലീസിനെ കൊണ്ട് ശുപാർശ ചെയ്യിക്കും അല്ലേ’ എന്ന് ചോദിച്ചായിരുന്നു മർദ്ദനം. മർദ്ദനത്തിന് താൻ സാക്ഷിയായിരുന്നു എന്ന് സുമയ്യ പറഞ്ഞു. ക്രൂരമായി മർദ്ദിച്ച് അവശനാക്കിയ ഷമീറിനെ കെട്ടിടത്തിനു മുകളിൽ നിന്ന് ചാടാൻ നിർബന്ധിച്ചു. രക്ഷപ്പെടാൻ ശ്രമിക്കും വഴി കെട്ടിടത്തിൽ നിന്ന് ചാടി താഴെവീണ് മരിച്ചു എന്ന് ആക്കാനായിരുന്നു അവരുടെ ശ്രമം എന്ന് സംശയമുണ്ട്. താൻ അടക്കമുള്ള സ്ത്രീ തടവുകാരെ പൂർണ്ണ നഗ്നരാക്കി നിർത്തി. ഇതിനെ എതിർത്ത കൂട്ടുപ്രതി ജാഫറിനെ ക്രൂരമായി മർദ്ദിച്ചു.
ഷമീർ മരണമടഞ്ഞത് തലയ്ക്കും ശരീരത്തിനും ഏറ്റ മർദ്ദനമാണെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് വെളിവാക്കുന്നുണ്ട്. മർദ്ദനമേറ്റ ഷമീറിൻറെ വാരിയെല്ലുകളും നെഞ്ചിൽ എല്ലുകളും പൊട്ടിയിട്ടുണ്ട്. നാൽപതോളം മുറിവുകൾ ശരീരത്തിലുമുണ്ട്. തലയുടെ പിൻവശത്ത് നിന്നും രക്തം വാർന്നു പോയിട്ടുണ്ട്. പോസ്റ്റുമോർട്ടത്തിന് മുമ്പ് 24 മണിക്കൂറും 72 മണിക്കൂറിനും ഇടയിലാണ് മർദ്ദനമേറ്റിരിക്കുന്നത് എന്ന് വ്യക്തമായിട്ടുണ്ട്. ഈ സമയത്ത് ഷമീർ അമ്പിളികല ഹോസ്റ്റലിൽ ജയിലധികൃതരുടെ കസ്റ്റഡിയിലായിരുന്നു.
സുമയ്യ പറഞ്ഞത് ശരിയാണെങ്കിൽ ശരിക്കും നാസികളെ തോൽപ്പിക്കുന്ന ഉദ്യോഗസ്ഥ പീഡനമാണ് അവിടെ നടന്നിരിക്കുന്നത്.

