തിരുവനന്തപുരം: കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ ‘ക്ഷുദ്രജീവി’ ആയി പ്രഖ്യാപിച്ചു. കൂട്ടത്തോടെ നശിപ്പിക്കാൻ വേണ്ട നടപടിക്ക് സംസ്ഥാന സർക്കാർ നീക്കം തുടങ്ങി. കാട്ടുപന്നികളെ ക്ഷുദ്രജീവി ആയി പ്രഖ്യാപിച്ച് നശിപ്പിക്കാൻ കേന്ദ്രാനുമതി തേടാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
കേരളത്തിലെ വനമേഖലക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങൾ പന്നി ശല്യത്താൽ പൊറുതിമുട്ടിയിരിക്കുന്ന സാഹചര്യമാണ് ഇന്നുള്ളത്. വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ വളരെ കർക്കശമായതിനാൽ വലിയ തോതിൽ പെറ്റു പെരുകിയിട്ടും ഇവയുടെ എണ്ണം നിയന്ത്രിക്കാൻ സാധിക്കുന്നില്ല.
ഈ സാഹചര്യത്തിൽ നിരന്തരമായി പന്നിശല്യം ഉള്ള മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവച്ചുകൊല്ലാൻ സർക്കാർ അനുമതി നൽകിയിരുന്നു.
എന്നിട്ടും ഇവയുടെ എണ്ണത്തിലോ ശല്യത്തിലോ വലിയ കുറവ് കാണാത്തതിനാലാണ് ഇവയെ ‘ശല്യകാരിയായ മൃഗം ‘ (വെർമിൻ) ആയി പ്രഖ്യാപിക്കാൻ സർക്കാർ തീരുമാനിച്ചത്. അത്തരത്തിൽ പ്രഖ്യാപിക്കപ്പെട്ടാൽ നാട്ടിൽ ഇറങ്ങുന്നവയെ കൂട്ടത്തോടെ ഇല്ലായ്മ ചെയ്യാൻ വനംവകുപ്പിന് സാധിക്കും. ഇതിനായുള്ള കേന്ദ്ര അനുമതി തേടാനാണ് ഇപ്പോൾ സർക്കാർ തീരുമാനിച്ചിട്ടുള്ളത്. കേന്ദ്രനുമതി ലഭിച്ചാലുടനെ കേരളത്തിലെ കാട്ടു പന്നി ആക്രമണം പൂർണമായും നിയന്ത്രിക്കാൻ കഴിയും എന്നാണ് വനം വകുപ്പിൻ്റെ പ്രതീക്ഷ .

