കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നിയമിതരായ സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ വ്യാപാര സ്ഥാപനങ്ങളിലും പൊതു ഇടങ്ങളിലും പരിശോധനകള്‍ തുടരുന്നു. പരിശോധനയില്‍ കൊവിഡ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി കണ്ടെത്തിയവര്‍ക്കെതിരേ ഇതിനകം 1152 കേസുകള്‍ രജിസ്റ്റര്‍ ചയ്തു. ഇന്നലെ മാത്രം 624 കേസുകളാണ് ചാര്‍ജ് ചെയ്തത്.
ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരേ 628, സന്ദര്‍ശക രജിസ്റ്റര്‍ സൂക്ഷിക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 292, സാമൂഹ്യ അകലം പാലിക്കാതെ പ്രവര്‍ത്തിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരേ 94, പൊതുസ്ഥലങ്ങളില്‍ നിയമവിരുദ്ധമായി കൂട്ടംകൂടിയതിന് 43, മാസ്‌ക്കും സാനിറ്റൈസറും ലഭ്യമാക്കാതെ പ്രവര്‍ത്തിച്ച കടകള്‍ക്കെതിരേ 68, നിയമങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്നവര്‍ക്കെതിരേ 24 എന്നിങ്ങനെ കേസുകളാണ് ഇതിനകം ചാര്‍ജ് ചെയ്തത്. റോഡുകളില്‍ തുപ്പല്‍, ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിക്കല്‍, നിരോധനാജ്ഞാ ലംഘനം, കണ്ടെയിന്‍മെന്റ് സോണില്‍ അനുമതിയില്ലാത്ത കടകള്‍ തുറക്കല്‍, കണ്ടെയിന്‍മെന്റ് സോണുകളില്‍ പൊതുഗതാഗത വാഹനങ്ങള്‍ ഓടിക്കല്‍ തുടങ്ങിയവയാണ് കേസുകള്‍ ചാര്‍ജ് ചെയ്ത മറ്റ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍. പോലിസിന്റെ സഹായത്തോടെ നിയമലംഘകര്‍ക്കെതിരേ നടപടികള്‍ സ്വീകരിച്ചു തുടങ്ങി.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഇനിയുള്ള ദിവസങ്ങളില്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്ക് പരിശോധനകള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാനും ചുമതലയേല്‍പ്പിക്കപ്പെട്ട മുഴുവന്‍ പ്രദേശങ്ങളിലും അവര്‍ പരിശോധനകള്‍ നടത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നുവെന്ന് ഉറപ്പുവുത്താനും ഓണ്‍ലൈനായി നടന്ന അവലോകന യോഗത്തില്‍ താലൂക്ക് തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കാനും അക്കാര്യം കലക്ടറേറ്റില്‍ റിപ്പോര്‍ട്ട് ചെയ്യാനും സെക്ടറില്‍ മജിസ്ട്രേറ്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കണ്ണൂര്‍ കോര്‍പ്പറേഷനില്‍ നാല്, നഗരസഭകളില്‍ രണ്ട്, പഞ്ചായത്തുകളില്‍ ഒന്ന് എന്നിങ്ങനെ 93 ഗസറ്റഡ് ഓഫീസര്‍മാരെയാണ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന്റെ അധികാരങ്ങളോടെ സെക്ടര്‍ മജിസ്ട്രേറ്റുമാരായി നിയമിച്ചിരിക്കുന്നത്.
ബന്ധപ്പെട്ട രേഖ: https://keralanews.gov.in/8573/Covid-19;-Sector-Magistrates.html