റാഞ്ചി : മോഷണക്കുറ്റം ആരോപിക്കപ്പെട്ടയാളുടെ ജനനേന്ദ്രിയത്തിൽ പോലീസ് ഉദ്യോഗസ്ഥൻ ഷോക്കേൽപിച്ചതായി പരാതി. ചെയിൻപൂർ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
മോഷണക്കുറ്റമാരോപിച്ച് പിടികൂടിക്കൊണ്ടു വന്ന ആളുടെ സ്വകാര്യ ഭാഗങ്ങളിൽ ചെയിൻപൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ സുമിത് കുമാർ വൈദ്യുതാഘാതം നൽകിയതായാണ് പരാതി. മോഷണക്കേസിൽ ഒക്ടോബർ എട്ടിനാണ് തന്നെ പോലീസ് പിടികൂടിയതെന്ന് സോൻപൂർവ ഗ്രാമത്തിലെ രജനികാന്ത് ദുബെ (35) പരാതിയിൽ പറയുന്നു. “തന്നെ മർദ്ദിക്കുകയും കുറ്റകൃത്യം ഏറ്റുപറയാൻ എസ്എച്ച്ഒ സ്വകാര്യ ഭാഗങ്ങളിൽ വൈദ്യുതാഘാതം ഏൽപിക്കുകയും ചെയ്തു”
ദുബെ പറയുന്നു.
ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദുബെയെ ചികിത്സിച്ച ഡോ. ആർ കെ രഞ്ജനും സ്വകാര്യ ഭാഗങ്ങളിൽ ഗുരുതര പരുക്കേറ്റതായി സ്ഥിരീകരിച്ചു. കുറ്റകൃത്യം തെളിയിക്കാനാകാത്തതിനെ തുടർന്ന് ഒക്ടോബർ 9 ന് എസ്എച്ച്ഒ തന്നെ വിട്ടയച്ചതായും പരാതിയിൽ ദുബെ പറഞ്ഞിട്ടുണ്ട്.
ഒക്ടോബർ 4 ന് അമ്മാവൻ ഗോപാൽ ദുബെയുടെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ദുബെയെ ചോദ്യം ചെയ്യുക മാത്രമേ ചെയ്തുള്ളൂവെന്നാണ് പൊലീസുകാരൻ്റെ വാദം. ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയെടുക്കുമെന്ന് പോലീസ് സൂപ്രണ്ട് സഞ്ജീവ് കുമാർ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് ചൈൻപൂർ പോലീസ് സ്റ്റേഷൻ പ്രദേശത്തെ ഷാഹ്പൂരിലെ മെഡിനിനഗർ-ഗർവ റോഡ് റോഡ് നിരവധി മണിക്കൂറുകൾ പ്രക്ഷോഭകർ തടഞ്ഞു. മെഡിനഗർ എസ്ഡിപിഒ എത്തി ചർച്ച നടത്തിയ ശേഷമാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.

