ബലാൽസംഗ കേസുകളിലെ അന്വേഷണം രണ്ട് മാസത്തിനകം പൂർത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾക്ക് കൂടുതൽ മാർഗ നിർദേശങ്ങൾ

ന്യൂഡൽഹി: വർദ്ധിച്ചു വരുന്ന ബലാൽസംഗ കേസുകളുടെ പശ്ചാത്തലത്തിൽ പുതിയ ഉത്തരവിറക്കി കേന്ദ്ര സർക്കാർ. ഇതുപ്രകാരം ബലാൽസംഗ കേസുകളിൻമേലുള്ള അന്വേഷണം 2 മാസത്തിനുള്ളിൽ പൂർത്തിയാക്കണം.

ഉത്തർപ്രദേശിലെ ഹത്രാസിൽ 19 കാരി കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് രാജ്യമെങ്ങും ഉയർന്നു വന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പുതിയ മാർഗനിർദേശം നൽകിയത്. ഇത്തരം കുറ്റകൃത്യമുണ്ടായാൽ എഫ്‌ഐ‌ആർ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. നിയമങ്ങൾ പാലിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു എന്നതു കൊണ്ടു മാത്രം ഇരയ്ക്ക് നീതി കിട്ടാതിരിക്കരുത്. നിയമം പാലിക്കുന്നതിൽ വീഴ്ചകൾ വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അന്വേഷിച്ച് കർശന നടപടിയെടുക്കണം.

ബലാ ൽസംഗവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ സിആർ‌പി‌സിയുടെ സെക്ഷൻ 173 അനുശാസിക്കുന്നുണ്ടെന്നും ബലാ ൽസംഗം അല്ലെങ്കിൽ ലൈംഗികാതിക്രമ അന്വേഷണത്തിൽ ഇരയെ പരിശോധിക്കണമെന്ന് സിആർ‌പി‌സിയുടെ സെക്ഷൻ 164-എ വ്യവസ്ഥ ചെയ്യുന്നുവെന്നും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.

1872 ലെ ഇന്ത്യൻ എവിഡൻസ് ആക്റ്റ് പ്രകാരം, മരിച്ച ഒരാൾ എഴുതിയതോ വാക്കാലുള്ളതോ ആയ പ്രസ്താവന അന്വേഷണത്തിൽ പ്രസക്തമായ വസ്തുതയായി കണക്കാക്കപ്പെടുമെന്ന് പറഞ്ഞിട്ടുണ്ട്. ബലാൽസംഗക്കൊലപാതകങ്ങളിൽ ഈ വസ്തുത കൂടി പരിഗണിക്കണമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു.

ലൈംഗികാതിക്രമ കേസുകളിൽ ഫോറൻസിക് തെളിവുകൾ ശേഖരിക്കുന്നതിനും സംരക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും മാർഗനിർദേശങ്ങൾ എം‌എച്ച്‌എയ്ക്ക് കീഴിലുള്ള ഫോറൻസിക് സയൻസ് സർവീസസ് ഡയറക്ടറേറ്റും പുറപ്പെടുവിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →