അമരാവതി: വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ജുഡീഷ്യറിയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ ജനാധിപത്യത്തിന് ഹാനികരമാണെന്നും അവര്‍ക്കെതിരെ കേസെടുക്കാത്തത് എന്താണെന്നും ആന്ധ്രസര്‍ക്കാരിനോട് ചോദിച്ച് ആന്ധ്ര ഹൈക്കോടതി.നിയമസഭാ സ്പീക്കര്‍ തമ്മിനേനി സീതാരം, ഉപമുഖ്യമന്ത്രി നാരായണ സ്വാമി, എംപിമാരായ വി വിജയ സായി റെഡ്ഡി, നന്ദിഗാം സുരേഷ് എന്നിവരുടെ പരാമര്‍ശങ്ങളെ ചൂണ്ടികാട്ടിയാണ് കോടതിയുടെ വിമര്‍ശനം.
ജസ്റ്റിസുമാരായ രാകേഷ് കുമാര്‍, ഉമാദേവി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം.സാധാരണക്കാര്‍ സര്‍ക്കാരിനെതിരെ എന്തെങ്കിലും അഭിപ്രായം പറയുകയാണെങ്കില്‍, അത്തരം വ്യക്തികള്‍ക്കെതിരെ കേസുകള്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യപ്പെടും. എന്നാല്‍ പ്രമുഖ നേതാക്കള്‍ ജഡ്ജിമാര്‍ക്കും കോടതികള്‍ക്കുമെതിരെ അഭിപ്രായം പറഞ്ഞപ്പോള്‍, എന്തുകൊണ്ട് കേസുകള്‍ ഫയല്‍ ചെയ്തില്ല?-കോടതി ചോദിച്ചു. വൈഎസ്ആര്‍ സര്‍ക്കാരിനെതിരായ കോടതി വിധികളെ വിമര്‍ശിച്ച് നേതാക്കള്‍ സോഷ്യല്‍ മീഡിയയിലിട്ട കുറിപ്പുകളാണ് കോടതി വിമര്‍ശനത്തിന് കാരണമായത്.

