ഹാത്രസിൽ അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകനെ ഉടൻ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തക യൂണിയന്‍ സുപ്രീംകോടതിയില്‍

ഡൽഹി: ഹാത്രസില്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് കുട്ടിയുടെ വീട് സന്ദർശിച്ച് വാർത്ത തയാറാക്കാൻ പോയതിനിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമ പ്രവർത്തകനെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കേരളാ പത്രപ്രവര്‍ത്തകയൂണിയന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

അറസ്റ്റിലായതിനു ശേഷം സിദ്ദിഖുമായി ബന്ധപ്പെടാന്‍ പോലും സാധിക്കുന്നില്ലെന്ന് കെയുഡബ്ല്യുജെ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
അഡ്വ. വില്‍സ് മാത്യു മുഖേന ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് നല്‍കിയത്.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്ന് ആരോപിച്ചാണ് സിദ്ദിഖ് കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹാത്രസ് സന്ദര്‍ശിക്കാന്‍ പോകുന്ന വഴിയ്ക്ക് സിദ്ദിഖിനൊപ്പം ഉണ്ടായിരുന്ന മൂന്ന് പേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സംഘർഷ മേഖലയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ ശ്രമിച്ചു, സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നീ കുറ്റങ്ങളാണ് പൊലീസ് സിദ്ദിഖിനെതിരെ ചുമത്തിയിട്ടുള്ളത്.

മോചനം ആവശ്യപ്പെട്ട് കെയുഡബ്ല്യുജെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചിരുന്നു. ജോലി നിര്‍വഹണത്തിനിടെ ഒരു മാധ്യമപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത് പ്രതിഷേധാര്‍ഹമാണെന്നും, അടിയന്തരമായി സിദ്ദിഖിനെ വിട്ടയക്കണമെന്നും കെയുഡബ്ല്യുജെ കത്തില്‍ ആവശ്യപ്പെട്ടു.

അഴിമുഖം എന്ന വാര്‍ത്താവെബ്സൈറ്റിന്‍റെ പ്രതിനിധിയായ സിദ്ദിഖ് കാപ്പന്‍
കെയുഡബ്ല്യുജെയുടെ ഡൽഹി ഘടകം സെക്രട്ടറി കൂടിയാണ് . നേരത്തേ തേജസ്, തത്സമയം എന്നീ ദിനപത്രങ്ങളിലായിരുന്നു സിദ്ദിഖ് കാപ്പന്‍ ജോലി ചെയ്തിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →