തിരുവനന്തപുരം: ലൈഫ് മിഷൻ ഇടപാടിൽ സി ബി ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയിലേക്ക്. 30/09/2020 ബുധനാഴ്ച രാവിലെ ചേർന്ന മന്ത്രിസഭാ യോഗമാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. അഡ്വക്കറ്റ് ജനറലിൻ്റെ നിയമോപദേശത്തിൻ്റെ പിൻബലത്തിലാണ് സർക്കാർ തീരുമാനമെന്നാണ് സൂചന.
ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് സി ബി ഐ അന്വേഷണം പ്രഖ്യാപിക്കപ്പെട്ടതു മുതൽ സി പി എമ്മും സംസ്ഥാന സർക്കാരും പല രീതിയിലുള്ള അതൃപ്തി പ്രകടമാക്കിയിരിരുന്നു. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവർ കേന്ദ്ര സർക്കാർ സി ബി ഐ യെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചിരുന്നു.
എന്നാൽ സ്വർണക്കള്ളക്കടത്ത് കേസിൻ്റെ തുടക്കം മുതൽ ഏത് കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയുടെ വാക്കുകളെ എടുത്തു പറഞ്ഞായിരുന്നു പ്രതിപക്ഷത്തിൻ്റെ പ്രതിരോധം. അതേ സമയം രാഷ്ട്രീയ വേദികളിൽ ഭരണകക്ഷി നേതാക്കൾ പറഞ്ഞ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട് തുടങ്ങിയ കാര്യങ്ങൾ കോടതി മുൻപാകെ അവതരിപ്പിച്ച് വിജയിപ്പിക്കുക സാധ്യമല്ലെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്.

