ഇന്ത്യൻ സംഗീത ലോകത്തിലെ ഗാനനിർഝരി നിശ്ചലമായി. അഞ്ചു ദശകത്തിലധികം കാലം സംഗീത സാമ്രാജ്യത്തിൽ നിറഞ്ഞു നിന്ന അസാധാരണനായ ഗായകൻ എസ്.പി.ബാലസുബ്രഹ്മണ്യം മഹാമാരിയോടു പടവെട്ടി കഴിഞ്ഞ ദിവസം ജീവിതത്തിന് തിരശ്ശീലയിട്ടു. ഗായകൻ, സംഗീത സംവിധായകൻ, നടൻ, ഡബ്ബിങ്ങ് ആർട്ടിസ്റ്റ്, നിർമ്മാതാവ്, അവതാരകൻ എന്നീ നിലകളിൽ ബഹുമുഖ പ്രതിഭയായ കലാകാരനായിരുന്നു അദ്ദേഹം. താനെന്ന ഭാവം ഒട്ടുമേ ഇല്ലാത്ത, വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരെയും ബഹുമാനിച്ച എസ്.പി.ബാലസുബ്രഹ്മണ്യം; തന്നെ സ്വയം വിലയിരുത്തിപ്പറഞ്ഞതിങ്ങനെ:
”ജീവിതത്തിൽ ഞാൻ സാധാരണ മനുഷ്യനാണ്. ഈ തൊഴിലും ജീവിതവും കൊണ്ട് ഞാൻ പൂർണ്ണതൃപ്തനാണ്. “
1946ൽ ആന്ധ്രയിലെ നെല്ലൂരിൽ കൊനോട്ടമ്മ പേട്ട ഗ്രാമത്തിലെ ഹരികഥാ കലാകാരനായ സാംബമൂർത്തിയുടേയും ശകുന്തളാമ്മയുടേയും മകനായി പിറന്ന
ശ്രീപതി പണ്ഡിതാരാദ്ധ്യ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്.പി.ബാലസുബ്രഹ്മണ്യത്തിന് കുട്ടിക്കാലത്തു തന്നെ പാട്ടിനോടു കമ്പമായിരുന്നു. തെലുങ്കു സംഗീത സംവിധായകനായ എസ്.പി. കോദണ്ഡപാണിയാണ് ബാലസുബ്രഹ്മണ്യത്തിലെ സംഗീത പ്രതിഭയെ വിരൽ തൊട്ടുണർത്തിയത്. 1966 ൽ ‘ശ്രീ ശ്രീ മര്യാദാരാമണ്ണ’ എന്ന തെലുങ്കു ചിത്രത്തിലാണ് പാട്ടിൻ്റെ അരങ്ങേറ്റം കുറിച്ചത്. എഞ്ചിനീയറിങ്ങ് പഠനത്തിനായി മദിരാശിയിലെത്തിയ എസ്.പി; തൻ്റെ വഴി സംഗീതമാണെന്നു തിരിച്ചറിയുകയും എം.എസ്.വിശ്വനാഥനെപ്പോലുള്ള സംഗീത പ്രതിഭകളുടെ പ്രോത്സാഹനത്തിലൂടെ തമിഴകത്തിൻ്റെ പാട്ടുകാരനായി വളരുകയും ചെയ്തു. പിന്നീടങ്ങോട്ട് വളർച്ചയുടെ പടവുകൾ കയറിപ്പോയ ആ അതുല്യ ഗായകൻ തെലുഗു, തമിഴ്, കന്നഡ, മലയാളം, ഹിന്ദി, തുളു, ഒറിയ, ആസാമി, ബഡഗ, സംസ്കൃതം, കൊങ്കിണി, ബംഗാളി, മറാത്തി, പഞ്ചാബി, ഇംഗ്ലീഷ് എന്നിങ്ങനെ പതിനഞ്ചു ഭാഷകളിലായി നാല്പതിനായിരം ഗാനങ്ങൾ പാടി; ആർക്കും കീഴടക്കാനാകാത്ത ഗിരിശൃംഗത്തിലെത്തി. കശ്മീർ മുതൽ കന്യാകുമാരി വരെ വ്യത്യസ്ത ഭാഷകളിലെ ഉച്ചാരണ വൈവിധ്യത്തെ അസാധാരണമായ പാടവത്തോടെ കരതലാമലകമാക്കിയ അതുല്യപ്രതിഭയായിരുന്നു അനശ്വരനായ ആ ഗായകൻ. ആസ്വാദക ലക്ഷങ്ങളുടെ മനസ്സിനെ, കല്പനകളെ, പ്രണയചിന്തകളെ, വിഷാദത്തെ, ഭക്തിയെ, വിപ്ലവാഭിമുഖ്യത്തെ; എന്നിവയെല്ലാം തൊട്ടുണർത്തിയ എസ്.പി.ബാലസുബ്രഹ്മണ്യം വിടവാങ്ങുമ്പോൾ രാജ്യത്തിൻ്റെ സാംസ്ക്കാരിക ഹൃദയം അക്ഷരാർത്ഥത്തിൽ വിതുമ്പുകയാണ്.
മലയാള സിനിമയ്ക്ക് നൂറ്റി ഇരുപത് ഗാനങ്ങൾ നൽകിയ എസ്.പി.ബാലസുബ്രഹ്മണ്യത്തിന് മലയാളത്തിലെ ആദ്യ ഗാനം പാടിയപ്പോൾ പ്രായം ഇരുപത്തിമൂന്ന്. കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ‘കടൽപ്പാലം ‘ എന്ന ചിത്രം 1969 ജൂലായ് 25നാണ് റിലീസ് ചെയ്തത്. കെ.ടി.മുഹമ്മദിൻ്റെ തിരക്കഥയിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ സത്യൻ, പ്രേംനസീർ ,ജയഭാരതി, ഷീല, അടൂർ ഭവാനി, ബഹദൂർ എന്നിവരായിരുന്നു അഭിനേതാക്കൾ.വയലാറിൻ്റെ വരികൾക്ക് ദേവരാജൻ സംഗീതം പകർന്ന് ശ്രോതാക്കളിൽ വിഷാദവും തിരിച്ചറിവും നൽകി എസ്.പി.ബാലസുബ്രഹ്മണ്യം പാടിയ ആ ഗാനം മലയാളികൾ മറക്കുന്നതെങ്ങനെ?
” ഈ കടലും
മറു കടലും
ഭൂമിയും മാനവും കടന്ന്
ഈരേഴ് പതിനാല് ലോകങ്ങൾ കാണാൻ
ഇവിടന്നു പോണവരേ…
അവിടെ മനുഷ്യരുണ്ടോ?
അവിടെ മതങ്ങളുണ്ടോ?
( ഈ കടലും… )
ഇവിടെ മനുഷ്യൻ
ജീവിച്ചിരുന്നതായ്
ഇതിഹാസങ്ങൾ നുണ പറഞ്ഞു
ഈശ്വരനെ കണ്ടൂ…..
ഇബിലീസിനെ കണ്ടൂ….
ഇതുവരെ മനുഷ്യനെ കണ്ടില്ല
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല…
( ഈ കടലും… )
ഇവിടെ സമത്വം പൂവിട്ടിരുന്നതായ്
വെറുതെ മതങ്ങൾ നുണ പറഞ്ഞു
ഹിന്ദുവിനെ കണ്ടു….
മുസൽമാനെ കണ്ടു….
ഇതു വരെ മനുഷ്യനെ കണ്ടില്ല
കണ്ടില്ല കണ്ടില്ല മനുഷ്യനെ കണ്ടില്ല…
( ഈ കടലും… )
സിനിമയിലെ വികാരനിർഭരമായ മുഹൂർത്തത്തിന് അനുയോജ്യമായ എസ്.പി.യുടെ ഈ ഗാനം പാടി അഭിനയിച്ചത് പ്രേംനസീറായിരുന്നു. അഞ്ചു പതിറ്റാണ്ടു പിന്നിട്ടിട്ടും വയലാറിൻ്റെ വരികൾക്ക് ഇന്നും പ്രസക്തിയുണ്ടെന്ന് സമകാലീന ഇന്ത്യയുടെ അനുഭവത്തെ മുൻനിർത്തി; ശയ്യാവലംബിയാകുന്നതിനു തൊട്ടുമുമ്പ് എസ്.പി.ഓർമ്മിപ്പിച്ചിരുന്നു.
“യഥാർത്ഥ ജീവിതത്തിൽ നാം കാണുന്നത് ഹിന്ദുവിനെയും മുസൽമാനെയും ക്രിസ്ത്യാനിയെയും നിരവധി ജാതികളിൽ പെട്ടവരെയുമാണ്. അടിസ്ഥാനപരമായി നാം മനുഷ്യരാണ്. മനുഷ്യത്വപൂർണ്ണമായ ഒരു സമുദായത്തിനു വേണ്ടിയുള്ള പോരാട്ടം ശക്തമാക്കാൻ നാം തയ്യാറാകണം.” – എസ്.പി.ബാലസുബ്രഹ്മണ്യത്തിൻ്റെ വാക്കുകൾ ഏറെ പ്രസക്തമാണെന്ന് ഇന്നു നാം തിരിച്ചറിയുന്നു. സംഘപരിവാർ ഫാഷിസത്തിൻ്റെ അധികാരാരോഹണം ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറ തകർത്തു കൊണ്ടിരിക്കുമ്പോഴാണ് മതേതര ഇന്ത്യയ്ക്കു വേണ്ടി പൊരുതാനുള്ള സന്ദേശമുയർത്തി ആ അതുല്യപ്രതിഭ വിടവാങ്ങുന്നത്.
‘കടൽപ്പാലം ‘ എന്ന ചിത്രം 1969ൽ റിലീസായ നാളുകളിൽത്തന്നെ കണ്ട, കണ്ണൂർ കരിവെള്ളൂരിലെ നസീർരാജൻ എസ്.പി.ബാലസുബ്രഹ്മണ്യം പാടി അനശ്വരമാക്കിയ ‘ഈ കടലും മറു കടലും…’ എന്ന ഗാനം മൂളി പാട്ടിൻ്റെ ആ പഴയ കാലം ഓർത്തെടുത്തു. പെട്ടിപ്പാട്ടെന്നും ഗ്രാമഫോൺ പാട്ടെന്നും നാട്ടുകാർ വിളിച്ച കോളാമ്പിക്കാലത്ത്, എസ്.പി പാടിയ പാട്ടിൻ്റെ റെക്കോർഡ് ഡിസ്ക്ക് സ്വന്തമാക്കിയ കഥ രാജൻ പറഞ്ഞു:
”കൽക്കട്ട ആസ്ഥാനമായ എച്ച്.എം.വി ഗ്രാമഫോൺ റെക്കോർഡ് കമ്പനിയും സഹോദരസ്ഥാപനമായ കൊളംബിയ ഗ്രാമഫോൺ റെക്കോർഡ് കമ്പനിയുമാണ് ഈ രംഗത്തുണ്ടായിരുന്നത്. ‘കടൽപ്പാലം ‘ കണ്ട് എസ്.പിയുടെ പാട്ടിൽ ആകൃഷ്ടനായ രാജൻ, ഡിസ്ക്ക് സ്വന്തമാക്കാൻ വളരെയധികം പാടുപെട്ടു. സ്വർണ്ണപ്പണിക്കാരനായ അച്ഛൻ്റെ പക്കലുള്ള ചെറിയ സ്വർണ്ണം വിറ്റുകിട്ടിയ പണവുമായി പയ്യന്നൂർ മുരുഗ ലൈറ്റ് ആൻ്റ് സൗണ്ടിലേക്കാണ് വെച്ചുപിടിച്ചത്. സെൻട്രൽ ബസാറിലെ കരിഞ്ചാമുണ്ഡി അറയ്ക്കു സമീപമാണ് ലൈറ്റ് ആൻ്റ് സൗണ്ട് കട. സ്ഥാപനം നടത്തിക്കൊണ്ടുപോകാൻ പ്രയാസപ്പെട്ടിരുന്ന ഉടമ, മൈക്കും ആംപ്ലിഫയറും ഗ്രാമഫോൺ പെട്ടിയും വില്പന നടത്തി ഒഴിവാക്കുന്ന സമയത്താണ് രാജൻ്റെ രംഗപ്രവേശം.
‘കടൽപ്പാല’ത്തിലെ പാട്ടുകളെല്ലാം ‘കൊളംബിയ ‘റെക്കോർഡുകളാണ്. വട്ടത്തിലുള്ള ഡിസ്ക്കിൻ്റെ നടുവിലെ മൂന്നു വൃത്തങ്ങളിലെ വലിയ വൃത്തത്തിനു മദ്ധ്യേയുള്ള ‘ഗർജ്ജിക്കുന്ന പുലിത്തല ‘യാണ് കൊളംബിയുടെ എംബ്ലം. ‘കടൽപ്പാല’ത്തിലെ ഒരു ഡിസ്ക്കിൽ രാജൻ്റെ കണ്ണുകളുടക്കി. ഒരു വശം പി.മാധുരിപാടിയ ‘കസ്തൂരിത്തൈലമിട്ടു മുടി മിനുക്കീ… ‘ എന്ന ഗാനത്തിൻ്റെ വരികൾ എഴുതിയത് കണ്ടു. ഡിസ്ക്ക് മറിച്ചപ്പോൾ പ്രിയ ഗായകൻ്റെ ആദ്യമലയാള ഗാനം !. പക്ഷേ; പാട്ടിൻ്റെ വരികൾ അച്ചടിച്ചത് കണ്ടപ്പോൾ രാജൻ്റെ കണ്ണു തള്ളിപ്പോയി.
‘ഏക താളം….. മറുക താളം…. ‘ !!!
രാജൻ കടയുടമയോടു കാര്യം തിരക്കി.
അദ്ദേഹം പറഞ്ഞു: “കൽക്കട്ട റക്കാഡ്
കമ്പ്നീലെ മലയാളമറിയാത്തോർക്ക്
Ee Kadalum…. Marukadalum… എന്ന് ഇംഗ്ലീ ശിൽ വെരി എയ്തി കൊടുത്തപ്പോ അവര് ഒപ്പിച്ചതാണീ മംഗ്ലീശ്. ചെലപ്പോ ശെരിയാവും ചെലപ്പോ തെറ്റാവും.” പിന്നെ ചിരിയുടെ മാലപ്പടക്കമായിരുന്നു.
മൂന്നു രൂപയാണ് ഡിസ്ക്കിൻ്റെ വില.
‘ഒതേനൻ്റെ മകൻ ‘ എന്ന ചിത്രത്തിൻ്റെ പാട്ടു റെക്കോർഡും കൂടി ചേർത്ത് ആറു രൂപയും കൊടുത്ത് രാജൻ ആവേശത്തോടെ വീട്ടിലെത്തി.പൊന്നുപോലെ സൂക്ഷിച്ചിരുന്ന ഗ്രാമഫോൺ പെട്ടി തുടച്ചു വൃത്തിയാക്കി ഡിസ്ക്ക് വെച്ച്, ചാവി വട്ടത്തിൽ കറക്കി ശബ്ദ സൂചി ചേർത്തുവെച്ചപ്പോൾ കോളാമ്പിയിൽ നിന്ന് എസ്.പി.ബാലസുബ്രഹ്മണ്യത്തിൻ്റെ മധുര സ്വരം ഒഴുകിയെത്തി.
‘ഈ കടലും മറു കടലും
ഭൂമിയും മാനവും കടന്ന്… ‘
വീട്ടുകാരും അയൽക്കാരുമായി അവിടെ കൂടി നിന്നവർക്കെല്ലാം എസ്.പി.ബാലസുബ്രഹ്മണ്യം എന്ന അന്യഭാഷാ ഗായകൻ്റെ ആദ്യമലയാള ഗാനം ഹൃദ്യമായ അനുഭവമായി. പാട്ടുപെട്ടി തലയിലേറ്റി സുഹൃത്ത് വേണുവും പിറകിൽ നസീർരാജനും. രണ്ടു പേരും ഇടവഴികളിലൂടെ നടന്ന് വീടുകൾ കയറിയിറങ്ങി എസ്.പിയുടെ പാട്ടുകൾ നാട്ടുകാരെ കേൾപ്പിച്ചു.
ആയിടയ്ക്കാണ് തലശ്ശേരിയിലെ ആശാൻ്റെ ‘മായന്നൂർ സർക്കസ്സ് ‘ കാലിക്കടവ് മൈതാനത്തിലെത്തിയത്. ആശാനും കുടുംബവും മറ്റുള്ളവരും ചേർന്ന കലാ സംഘം ഒരു മാസം അവിടെ തമ്പടിച്ചിരുന്നു. സൈക്കിൾ യജ്ഞം, റെക്കോർഡ് ഡാൻസ്, മായാജാലം, പ്രച്ഛന്നവേഷം തുടങ്ങിയ വൈവിദ്ധ്യമാർന്ന പരിപാടികൾ ഉണ്ടായിരുന്നു. ടിക്കറ്റ് വെച്ചാണ് പ്രദർശനം. അമ്പതു പൈസ, ഒരു രൂപ എന്നിങ്ങനെയാണ് ടിക്കറ്റെങ്കിലും ഇരിപ്പ് തറയിലാണ്. ടെൻ്റിനു നടുവിലെ വട്ടത്തിലുള്ള സ്റ്റേജിൽ നിന്ന് പ്രധാന കലാകാരനായ ദാസൻ അന്ന് പാടിയത് എസ്.പി.യുടെ ഹിറ്റ് ഗാനം ‘ഈ കടലും മറു കടലും… ‘. എസ്.പി യെ അനുകരിച്ചു കൊണ്ടുള്ള ദാസൻ്റെ പാട്ട് നാട്ടുകാർക്കിഷ്ടമായി.
ടി.പി.ചന്ദ്രശേഖരൻ്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് വടകര സഫ്ദർ ഹശ്മി നാട്യസംഘം ഒരു പാട്ട് തയ്യാറാക്കുന്ന സമയം. പാട്ടെഴുതിയ ടി.വി.സച്ചിൻ, സംഗീത സംവിധായകൻ അജിത്ത് ശ്രീധറിനോടു ചോദിച്ചു: ‘എസ്.പിയെക്കൊണ്ട് പാടിക്കാൻ സാധിക്കുമോ?. ‘ എസ്.പി ബാലസുബ്രഹ്മണ്യത്തെ കാര്യം ധരിപ്പിച്ചപ്പോൾ അദ്ദേഹം സമ്മതം നൽകി.
‘ഇതിഹാസം’ എന്ന പേരിൽ എസ്.പി. പാടിയ അത്യന്തം വികാരവത്തായ ഗാനം പുറത്തിറങ്ങിയപ്പോൾ കേരളം ഹൃദയപൂർവ്വം അതേറ്റുവാങ്ങി.
” ഇതിഹാസമാണു നീ
പ്രിയ സഖാവേ……
തെളിഞ്ഞു കത്തും
വഴിവിളക്കിന്നു നീ
യോദ്ധാക്കളെ പെറ്റ മണ്ണിൽ
രണധീരനായ് വളർന്നു നീ
ഉയിരിന്നുയിരാം ചെങ്കൊടിയേന്തി
നിർഭയനായ് നടന്നു നീ “
നേരു പൂക്കുന്ന പൂമരങ്ങൾക്കു കാവലാളായ് ജ്വലിച്ചു നിന്ന അഗ്നിനക്ഷത്രമായ സ: ടി.പി.ചന്ദ്രശേഖരൻ്റെ തീയാളുന്ന ഓർമ്മകളെ ജനഹൃദയങ്ങളിലെത്തിക്കാൻ എസ്.പി.ബാലസുബ്രഹ്മണ്യത്തിൻ്റെ വൈകാരിക സ്പർശമുള്ള ആലാപനത്തിന് സാധിച്ചു. ആയിരക്കണക്കായ മനുഷ്യർ ഉൾപ്പുളകത്തോടെയാണ് ആ പാട്ടു കേട്ടത്.
പാട്ടു റെക്കോർഡ് ചെയ്യാൻ പോയതിനെക്കുറിച്ച് സച്ചിൻ പറയുന്നതിങ്ങനെ:
“വോയ്സ് എടുക്കുവാൻ ചെന്നൈയ്ക്ക് പുറപ്പെടാൻ പറഞ്ഞതു മുതൽ ലോകം മുഴുവൻ അറിയുന്ന; ആദരിക്കുന്ന ഒരു ഇതിഹാസത്തിനു മുമ്പിൽ പോകാനുള്ള ഭയമായിരുന്നു. മലയാളം സ്ക്രിപ്റ്റ് തമിഴ്, ഹിന്ദി, ഇംഗ്ലീഷ് എന്നിവയിലെല്ലാം എഴുതി കൈയിൽ കരുതി. ” സ്റ്റുഡിയോവിലെത്തിയപ്പോൾ എസ്.പി സംഘാടകരെ അടുത്തു വിളിച്ച് പാട്ടിൻ്റെ പശ്ചാത്തലം ചോദിച്ചറിഞ്ഞു.
തൻ്റെ ഡയറി തുറന്ന് ഗാന രചയിതാവിൻ്റെയും സംഗീത സംവിധായകൻ്റെയും പേരു കുറിച്ചു.അതിനു കീഴിൽ ‘ ഇതിഹാസ ‘മെന്നും അതിൻ്റെ വരികളും തെലുങ്ക് അക്ഷരങ്ങളിൽ അതേപടി കുറിച്ചു വെച്ചു.സംഗീത സംവിധായകൻ അജിത്ത് ശ്രീധർ വരികൾ പാടി കേൾപ്പിക്കുമ്പോൾ ഓരോ വരിയുടെയും ഫീൽ അദ്ദേഹം ചോദിച്ചു കൊണ്ടിരുന്നു.പിന്നെ, ടി.പിയെന്ന രക്ത സാക്ഷിയെ നെഞ്ചേറ്റുവാങ്ങി. അത് നാദധാരയായ് പുറത്തേക്കൊഴുകി. റെക്കോർഡിങ്ങ് കഴിഞ്ഞ ശേഷം ഫോട്ടോയെടുക്കാൻ ഒപ്പം നിന്നു.
‘ഒരിക്കൽ ഞാൻ നിങ്ങളുടെ രക്തസാക്ഷി ഗ്രാമത്തിൽ വരുമെന്ന് ‘ പറഞ്ഞാണ് യാത്രയാക്കിയതെന്ന് സച്ചിൻ പറഞ്ഞു. വടകരയിൽ ‘രക്തദാർഢ്യം’ എന്ന പേരിൽ നടന്ന പരിപാടിയിൽ പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതിൽവാദാണ് ഈ പാട്ട് റിലീസ് ചെയ്തത്.സ: ടി.പി.ചന്ദ്രശേഖരൻ്റെ ഉജ്ജ്വലമായ സ്മരണ എസ്.പി യുടെ നാദത്തിൽ കേരളക്കരയാകെ അലയടിക്കുകയാണിപ്പോഴും.
ഏതു പ്രായക്കാരെയും ആകർഷിക്കുന്ന മധുര സ്വരമായി ഏഴരപ്പതിറ്റാണ്ടോളം നമുക്കിടയിൽ ജീവിച്ച മനുഷ്യസ്നേഹിയായ മഹാഗായകൻ ഇനിയില്ല. പാട്ടുകൾ ബാക്കിയാക്കി പാട്ടുകാരൻ കടന്നു പോയി.