ചെന്നൈ: സകലകലയുടെ പര്യായമെന്ന് വേണമെങ്കില്‍ എസ് പി ബാലസുബ്രഹ്മമണ്യത്തെ വിശേഷിപ്പിക്കാം. കാരണം പിന്നണി ഗാന രംഗത്ത് മാത്രമല്ല ആരാധകര്‍ ആ പ്രതിഭ തിരിച്ചറിഞ്ഞിട്ടുള്ളത്. ഒരു കാലത്ത് രജനികാന്ത്, കമല്‍ ഹാസന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, ജമിനി ഗണേശന്‍, അര്‍ജുന്‍, ഗിരീഷ് കര്‍ണാട് തുടങ്ങി പ്രമുഖ താരങ്ങളുടെ ഇടിവെട്ട് ഡയലോഗുകള്‍ നാം കേട്ടത് അദ്ദേഹത്തിന്റെ ശബ്ദത്തിലായിരുന്നു. അതേ, നാദ മാധുര്യം നിറഞ്ഞ ആ ശബ്ദത്തിന്റെ മറ്റൊരു മുഖമായിരുന്നു ഡബ്ബിങ് ആര്‍ടിസ്റ്റായി എസ് പി നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിച്ചത്.
പിന്നാലെ അച്ഛനായും മാജിക് മുത്തശ്ശനായും ഡോക്ടറായും പൊലീസുകാരനായും അതിഥി വേഷങ്ങളിലും തമിഴിലും തെലുങ്കിലും കന്നഡയിലും അദ്ദേഹം അഭിനയ സാമാര്‍ത്ഥ്യം പ്രേക്ഷകരിലെത്തിച്ചു.
72 സിനിമകളിലാണ് എസ്.പി.ബി അഭിനയിച്ചിട്ടുള്ളത്.അങ്ങനെ ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച ഇന്ത്യന്‍ ഗായകനെന്ന ഖ്യാതിയും എസ്പിബിക്ക് സ്വന്തം. കൂടാതെ, സിനിമയിലെ ഗാനരംഗങ്ങളില്‍ എസ്.പി ബാലസുബ്രഹ്മണ്യമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തമിഴിലും തെലുങ്കിലുമായി ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചു.
മുഹമ്മദ് ബിന്‍ തുഗ്ലക്ക്, മനതില്‍ ഉരുതി വീണ്ടും, കേളടി കണ്മണി, സികരം, ഗുണാ, തലൈവാസല്‍, ഭരതന്‍, തിരുടാ തിരുടാ, പാട്ടു പാടവാ, കാതലന്‍, കാതല്‍ ദേശം, അവൈ ശണ്‍മുഖി, ഉല്ലാസം, മിന്‍സാരക്കനവ്, പ്രിയമാണവളെ, ഏപ്രില്‍ മാദത്തില്‍, മാജിക് മാജിക് 3ഡി, തിരുടന്‍, തുടങ്ങിയ തമിഴ് ചലച്ചിത്രങ്ങളിലും കല്ലു, പ്രേമ, രാജഹംസ, മൈന, സന്ദര്‍ഭ, മാഗല്യം തന്തുനാനേന, ആരോ പ്രാണം, കല്യാണോത്സവ അങ്ങനെ ഒരുപിടി തെലുങ്ക്, കന്നഡ ചിത്രങ്ങളിലും അദ്ദേഹത്തിന്റെ അഭിനയകലയോടുള്ള അഭിനിവേശം കണ്ടു.നദി എങ്കേ പോകിരത്, ജന്നല്‍, അഴക്, എന്തരോ മഹാനുഭാവുനു എന്നിവയാണ് അദ്ദേഹം അഭിനയിച്ച സീരിയലുകളില്‍ ചിലവ. എസ് പി എന്ന വിസ്മയം നാദ രംഗത്ത് മാത്രമല്ല, തെന്നിന്ത്യന്‍ ചലച്ചിത്ര രംഗത്തെ വിവിധ മേഖലകളുടെ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.

