കൊച്ചി: സംസ്ഥാനത്തെ സിബിഎസ് ഇ സ്‌കൂളുകളുടെ ഫീസ് നിര്‍ണ്ണയിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മാനദണ്ഡം വ്യക്തമാക്കാന്‍ ഹൈക്കോടതി സിബിഎസ്ഇ യോട് ആവശ്യപ്പെട്ടു. കൊച്ചി വെണ്ണല സ്വദേശി കെ പി ആല്‍ബര്‍ട്ട് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ് മണികുമാറും ജസ്റ്റീസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് 22-09-2020 ചൊവ്വാഴ്ച പരിഗണിച്ചത്. നിയമാവലിപ്രകാരം എങ്ങനെയാണ് ഫീസ് നിശ്ചയിക്കുന്നതെന്നുളളതില്‍ തങ്ങളുടെ നിലപാടറിയിക്കാനും കോടതി ആവശ്യപെട്ടിട്ടുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഫീസടയ്ക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കരുതെന്ന ഉത്തരവ് കോടതി ദീര്‍ഘിപ്പിച്ചു. ഫീസടയ്ക്കാത്ത വിദ്യാര്‍ത്ഥികളെ പുറത്താക്കുമെന്ന ആലുവാ സെന്‍റ് ജോസഫ്‌സ് പബ്ലിക്ക് സ്‌കൂള്‍ മാനേജ് മെന്റിന്റെ തീരുമാനത്തിനെതിരെ രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുളളത്.
കോവിഡ് പാശ്ചാത്തലത്തില്‍ ഫീസടയ്ക്കാന്‍ വൈകിയതിനാണ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കിയത്. കോവിഡ് പാശ്ചാത്തലത്തില്‍ പ്രതിസന്ധി നേരിടുന്ന സ്കൂളുകള്‍ക്ക് വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം സാമ്പത്തിക സഹായം നല്‍കാന്‍ നിര്‍ദ്ദേശിക്കണമെന്ന ഹര്‍ജിയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഏത് സര്‍ക്കാരാണ് സഹായം നല്‍കേണ്ടതെന്നും അറിയിക്കണം .
സിബിഎസ്ഇ അടക്കമുളള സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെ ന്റുകള്‍ ഫീസ് അടക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നിഷേധിക്കുന്നത് തടയണമെന്നും യഥാര്‍ത്ഥ ഫീസ് നിര്‍ണ്ണയിക്കാന്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റീസ് അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ നിര്‍ദ്ദേശം. കോവിഡ് സാഹചര്യത്തില്‍ സ്‌കൂളുകളും രക്ഷകര്‍ത്താക്കളും സാമ്പത്തിക വിഷമത്തിലാണെന്നും സര്‍ക്കാര്‍ സഹായം നല്‍കിയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍ നിഷേധിക്കപ്പെടില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.