കലവൂര്‍: കേരളത്തില്‍ തൊഴില്‍ തേടിയെത്തിയ ബംഗാളികളായ അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിച്ച ബംഗാളിയായ വീട്ടമ്മക്ക് സാക്ഷരതാമിഷന്‍ ശമ്പളം കൊടുത്തില്ലെന്ന് പരാതി. മണ്ണഞ്ചേരി പഞ്ചായത്ത് 18-ാം വാര്‍ഡില്‍ സന്ധ്യ വീട്ടില്‍ ബ്രിജുവിഹാരി താഹയുടെ ഭാര്യ കാജല്‍ കാമിനി താഹക്കാണ് സാക്ഷരാതാ മിഷന്‍ പണം നല്‍കാതിരുന്നത്.
മലയാളിയായ ബ്രിജു വിവാഹം കഴിച്ചത് ബംഗാളിയായ കാജല്‍ കാമിനി താഹയെയാണ്. ബ്രിജുവിന്‍റെ പിതാവും ബംഗാളിയാണ്. ബ്രിജുവിന്‍റെ ഭാര്യ ഇവിടെയെത്തി മലയാളം പഠിച്ചിരുന്നു. തുടര്‍ന്നാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരെ മലയാളം പഠിപ്പിക്കുന്നതിന് സാക്ഷരതാമിഷന്‍ കാജലിനെ സമീപിച്ചത്. സാക്ഷരതാ മിഷന്‍റെ പരിശീലനത്തില്‍ പങ്കെടുത്തശേഷം സമീപത്തെ വായനശാല കേന്ദ്രീകരിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മലയാളം ക്ലാസെടുത്തു. എന്നാല്‍ ഇതുവരെയും വേതനം ലഭിച്ചില്ലെന്നാണ് കാജലിന്‍റെ പരാതി.
എന്നാല്‍ റിസോഴ്‌സ് പേഴ്‌സന്‍ എന്ന വിഭാഗത്തിലണ് കാജലിന്‍റെ സേവനം പ്രയോജനപ്പെടുത്തിയതെന്നും, ഇന്‍സ്‌ട്രക്‌റ്റര്‍ക്ക് മാത്രം വേതനം നല്‍കാനേ വ്യവസ്ഥയുളളുവെന്നുമാണ് സാക്ഷരതാമിഷന്‍ അധികൃതര്‍ പറയുന്നത്.ചേര്‍ത്തല എസ്‌എന്‍കോളേജിലെ എന്‍എസ്‌എസ് വോളന്‍റി യര്‍മാരാണ് ഇന്‍സക്ട്രറ്റര്‍മാരായി ജോലി ചെയ്‌തതെന്നും ഇവര്‍ക്കെല്ലാം വേതനം നല്‍കിയതായും അറിയിച്ചു. ഇന്‍സ്‌ട്രക്ടര്‍മാരെ സഹായിക്കുകയാണ് റിസോഴ്‌സ് പേഴ്‌സന്‍റെ ചുമതലയെന്നും പറഞ്ഞു.

