പാലക്കാട് : വൃക്ക മാറ്റിവെക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങുമായി ജില്ലാ പഞ്ചായത്ത്. ജില്ലയില്‍ വൃക്ക മാറ്റിവെച്ച 250 ഓളം പേര്‍ക്ക് എല്ലാ മാസവും മരുന്ന് സൗജന്യമായി നല്കാന് ജില്ലാ പഞ്ചായത്ത് ഒരു കോടിയുടെ പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. പ്രതിമാസം 7500 മുതല്‍ 10,000 രൂപ വരെ മരുന്നിന് ചെലവാക്കേണ്ടി വരുന്ന സാഹചര്യം സാധാരണക്കാര്‍ക്ക് താങ്ങാനാകില്ലെന്നും അവര്‍ക്ക് ആശ്വസമേകുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മരുന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി പറഞ്ഞു. തുടക്കത്തില്‍ വൃക്കമാറ്റിവെക്കപ്പെട്ടവരുടെ സംഘടനയായ ‘ഓര്മ’യിലൂടെ കണ്ടെത്തിയ 247 പേര്‍ക്കാണ് മരുന്ന് വിതരണം ചെയ്യുന്നത്. സഹായം ലഭിക്കാത്തവരെ കണ്ടെത്തി ആനുകൂല്യം ലഭ്യമാക്കുമെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ മെഡിക്കല്‍ വിഭാഗവുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും അവര്‍ പറഞ്ഞു.
ജില്ലാശുപത്രിയുടെ നിലവിലെ സൗകര്യങ്ങളില്‍ നിന്നുകൊണ്ട് രോഗികള്‍ക്ക് സൂപ്പര്‍സ്പെഷാലിറ്റി സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്. നെഫ്രോളജി വിഭാഗത്തില്‍ രണ്ട് ഹീമോ ഡയാലിസിസ് യൂണിറ്റുകളും ആറ് പെരിറ്റോണിയല്‍ ഡയാലിസിസ് യൂണിറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഒഫ്താല്‍മോളജിയുമായി ബന്ധപ്പെട്ട് സര്‍ജറി ചെയ്യുന്നതിനുള്ള സംവിധാനം തയ്യാറാക്കുന്നതിനായി രണ്ട് കോടിയാണ് വകയിരുത്തിയത്. എം.ആര്.ഐ സ്കാനിംഗ് യൂണിറ്റിനായി 7.5 കോടി ചെലവില്‍ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. കൂടാതെ അത്യാധുനിക സംവിധാനങ്ങളുള്ള ആശുപത്രി കെട്ടിടം സ്ഥാപിക്കുന്നതിനായി കിഫ്ബി വഴി 127.65 കോടിയുടെ ഭരണാനുമതി ലഭ്യമായതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
എല്ലാ ബുധനാഴ്ചയും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ സ്പെഷല്‍ ഒ.പി സജ്ജീകരിച്ചാണ് മരുന്ന് വിതരണം ചെയ്യുക. എല്ലാ മാസവും രോഗികള്‍ക്ക് ജില്ലാ ആശുപത്രിയിലെത്തി ഒ.പി പരിശോധന നടത്തി ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഒരു മാസത്തേക്കുള്ള മരുന്നുകള്‍ സൗജന്യമായി കൈപ്പറ്റാം. ദൂരെയുള്ള സ്ഥലങ്ങളില്‍ നിന്നും രോഗികള്‍ക്ക് വരാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ബന്ധുക്കള്‍ മുഖേന രോഗവിവരങ്ങള്‍ അറിയിച്ച് ആശുപത്രിയിലെത്തി മരുന്നു വാങ്ങാം. അഞ്ച് ബ്രാന്‍ഡുകളിലുള്ള മരുന്നുകളാണ് നിലവില്‍ വിതരണം ചെയ്യുന്നത്. ബുധനാഴ്ചകളില്‍ മാത്രമാണ് വിതരണം ഉണ്ടാകുക. ബുധനാഴ്ചയ്ക്കു പുറമെ വൃക്കരോഗികള്‍ക്കായി ചൊവ്വ, വെള്ളി ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് നെഫ്രോളജിസ്റ്റ് ഡോ.കൃഷ്ണദാസ് അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലാ പഞ്ചായത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.ബിനുമോള്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണദാസ് മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സുരേഷ്, ജില്ലാ പഞ്ചായത്തംഗങ്ങളായ യു.രാജഗോപാല്‍, അച്യുതന്, ജില്ലാ ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ.കൃഷ്ണദാസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.അനില്‍കുമാര്‍, ഓര്മ പ്രസിഡന്റ് ഷാഹിര്‍ എന്നിവര്‍ പങ്കെടുത്തു.