ന്യൂഡൽഹി / 2026 / നവംബർ 28
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന 2026ലെ ഇന്ത്യ അന്താരാഷ്ട്ര വ്യാപാരമേളയിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ആരോഗ്യ പവിലിയൻ ഒന്നര ലക്ഷത്തോളം പേർ സന്ദർശിച്ചു. കുട്ടികളും യുവാക്കളും കുടുംബങ്ങളും സൗജന്യ പരിശോധനകൾ നടത്തി, ഡോക്ടർമാരുമായും ആരോഗ്യപ്രവർത്തകരുമായും സംസാരിച്ചു, സർക്കാരിന്റെ ആരോഗ്യ പദ്ധതികളെക്കുറിച്ച് മനസ്സിലാക്കി. ‘യുവ ഇന്ത്യ, ആരോഗ്യമുള്ള ഇന്ത്യ’ എന്ന പ്രമേയത്തിൽ രോഗപ്രതിരോധവും ആരോഗ്യകരമായ ദൈനംദിന ശീലങ്ങളും പരിചയപ്പെടുത്താനായിരുന്നു പവിലിയൻ. സന്ദർശകർക്ക് നേരിട്ട് പങ്കെടുക്കാവുന്ന പ്രദർശനങ്ങളും തത്സമയ പരിശീലനവും ആരോഗ്യ സേവനങ്ങളും ഇവിടെ ഒരുക്കി.

ആരോഗ്യ പദ്ധതികൾ പരിചയപ്പെടുത്താൻ 39 സ്റ്റാളുകൾ
കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ സാന്നിധ്യത്തിൽ നീതി ആയോഗ് അംഗം ഡോ. എം. ശ്രീനിവാസ് പവിലിയൻ ഉദ്ഘാടനം ചെയ്തു. 24 ദേശീയ ആരോഗ്യ പദ്ധതികളും അവയുടെ നടത്തിപ്പ് വിഭാഗങ്ങളും പങ്കാളി സംഘടനകളും ചേർന്ന് 39 സ്റ്റാളുകൾ ഒരുക്കി. സർക്കാരിന്റെ ആരോഗ്യ പദ്ധതികൾ പരിചയപ്പെടാനും വിവിധ പൊതുജനാരോഗ്യ സേവനങ്ങൾ പ്രയോജനപ്പെടുത്താനും സന്ദർശകർക്ക് അവസരം ലഭിച്ചു.
സൗജന്യ പരിശോധനയും ആരോഗ്യ ഉപദേശവും
ആയുഷ്മാൻ ആരോഗ്യ മന്ദിർ സ്റ്റാളിൽ അടിസ്ഥാന ആരോഗ്യ പരിശോധനകളും രോഗപ്രതിരോധത്തിനുള്ള നിർദേശങ്ങളും നൽകി. വീടിനടുത്തുള്ള ആയുഷ്മാൻ ആരോഗ്യ മന്ദിറുകളിൽ ലഭിക്കുന്ന പ്രാഥമിക ആരോഗ്യ സേവനങ്ങളെക്കുറിച്ചും ഇവിടെ വിശദീകരിച്ചു. രോഗം നേരത്തേ കണ്ടെത്താൻ പതിവായി ആരോഗ്യ പരിശോധന നടത്തണമെന്നും നിർദേശിച്ചു. പവിലിയനിലെ വിവിധ സ്റ്റാളുകളിൽ ശരീരഭാര സൂചികയായ ബി.എം.ഐ. വിലയിരുത്തൽ, രക്തത്തിലെ പഞ്ചസാര പരിശോധന, രക്തഗ്രൂപ്പ് നിർണയം, കണ്ണ്, വായ്, കേൾവി പരിശോധനകൾ എന്നിവ സൗജന്യമായി നടത്തി. സൗജന്യമായി ഡോക്ടർമാരുടെ ഉപദേശവും ലഭിച്ചു. മാനസികാരോഗ്യം, പോഷകാഹാരം, പുകയില ഉപയോഗം നിർത്തൽ എന്നിവയിൽ കൗൺസലിങ് നൽകി. അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യം, പ്രതിരോധ കുത്തിവെപ്പ്, രോഗപ്രതിരോധം എന്നിവയെക്കുറിച്ചും മാർഗനിർദേശം നൽകി.
ഓൺലൈനിൽ ഡോക്ടറെ കാണുന്നതെങ്ങനെയെന്ന് പരിചയപ്പെടുത്തി
ഇ-സഞ്ജീവനി വഴി ഡോക്ടറുമായി ഓൺലൈനിൽ സംസാരിക്കുന്നതും ആഭ ആരോഗ്യ തിരിച്ചറിയൽ നമ്പർ സൃഷ്ടിക്കുന്നതും എങ്ങനെയെന്ന് സന്ദർശകർക്ക് കാണിച്ചുകൊടുത്തു. ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് അർഹതയുണ്ടോ എന്ന് പരിശോധിക്കാനും പഠിപ്പിച്ചു. പ്രതിരോധ കുത്തിവെപ്പിനുള്ള യു-വിൻ സംവിധാനവും മാനസികാരോഗ്യ പിന്തുണ നൽകുന്ന ടെലി മാനസ് സേവനവും സ്റ്റാളുകളിൽ പരിചയപ്പെടുത്തി.

അടിയന്തര സഹായത്തിന് പരിശീലനം, കുട്ടികൾക്ക് കളിയിടം
അടിയന്തര ഘട്ടത്തിൽ ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന സി.പി.ആർ. എങ്ങനെ നൽകാമെന്ന് തത്സമയം കാണിച്ചുകൊടുത്തു. ക്ഷയരോഗമുക്ത ഭാരത പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ തെരുവുനാടകങ്ങൾ ക്ഷയരോഗ ലക്ഷണങ്ങൾ തിരിച്ചറിയേണ്ടതിന്റെയും സമയത്ത് രോഗം കണ്ടെത്തി ചികിത്സ തേടേണ്ടതിന്റെയും പ്രാധാന്യം പറഞ്ഞു. ഡോക്ടർമാരുമായുള്ള സംവാദം, ചോദ്യോത്തര പരിപാടികൾ, മാജിക് ഷോകൾ, രോഗവാഹികളിലൂടെ പകരുന്ന രോഗങ്ങളെക്കുറിച്ചുള്ള പരിപാടികൾ എന്നിവയിലൂടെ സംശയങ്ങൾ ചോദിക്കാനും രോഗപ്രതിരോധ മാർഗങ്ങൾ പഠിക്കാനും അവസരം ലഭിച്ചു. കുട്ടികൾക്കായി പ്രത്യേകം ഒരുക്കിയ ഇടത്ത് നാടൻ കളികളും വിനോദ പരിപാടികളും ഉണ്ടായിരുന്നു. സ്ക്രീനിൽ സമയം ചെലവഴിക്കുന്നതിനു പകരം ഓടിക്കളിക്കാനും കൂട്ടുകാരുമായി ഇടപഴകാനും കളിയിലൂടെ ആരോഗ്യശീലങ്ങൾ വളർത്താനും കുട്ടികളെ പ്രോത്സാഹിപ്പിച്ചു. കുടുംബങ്ങൾക്കും പരിപാടികൾ ആസ്വദിക്കാൻ കഴിഞ്ഞു.

ഭരണഘടനയുടെ ആമുഖം ഒരുമിച്ച് വായിച്ചു
ഭരണഘടനാ ദിനത്തിൽ പവിലിയനിലെ പങ്കാളികൾ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഒരുമിച്ച് വായിച്ചു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാ മൂല്യങ്ങളോടുള്ള പ്രതിബദ്ധത അവർ ആവർത്തിച്ചു. സൗജന്യ ആരോഗ്യ സേവനങ്ങളും ദേശീയ ആരോഗ്യ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങളും നേരിട്ട് പങ്കെടുക്കാവുന്ന ബോധവത്കരണ പരിപാടികളും ഒരിടത്ത് ലഭിച്ചതോടെ സർക്കാരിന്റെ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ അടുത്തറിയാൻ സന്ദർശകർക്ക് കഴിഞ്ഞു. ‘യുവ ഇന്ത്യ, ആരോഗ്യമുള്ള ഇന്ത്യ’ എന്ന പ്രമേയത്തിലൂടെ രോഗപ്രതിരോധത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും പ്രാധാന്യം പവിലിയൻ ഓർമിപ്പിച്ചു. ആരോഗ്യമുള്ള രാജ്യം കെട്ടിപ്പടുക്കാൻ കൂടുതൽ ജനപങ്കാളിത്തം വേണമെന്ന സന്ദേശവും നൽകി.
.