ബെംഗളൂരു /2026 / നവംബർ 28
ബെംഗളൂരുവിലെ ദേശീയ മാനസികാരോഗ്യ നാഡീശാസ്ത്ര ഇൻസ്റ്റിറ്റ്യൂട്ടായ നിംഹാൻസിന്റെ അത്യാഹിത വിഭാഗത്തിൽ നവംബർ 27ന് പുതിയ സ്പെക്ട്രൽ സിടി പരിശോധനാ സംവിധാനം തുറന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയാണ് സംവിധാനം ഉദ്ഘാടനം ചെയ്ത് നാടിന് സമർപ്പിച്ചത്. അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളുടെ എണ്ണം കണക്കിലെടുത്ത് സ്കാനർ രാപ്പകൽ പ്രവർത്തിക്കും. സന്ദർശനത്തിനിടെ മാനസികാരോഗ്യ പരിചരണം, ആത്മഹത്യാ പ്രതിരോധം, ലഹരി ചികിത്സ, ആരോഗ്യപ്രവർത്തകരുടെ പരിശീലനം, മസ്തിഷ്കാരോഗ്യം എന്നീ മേഖലകളിലെ നിംഹാൻസിന്റെ പദ്ധതികളും ദേശീയതലത്തിലെ പ്രവർത്തനങ്ങൾക്ക് സ്ഥാപനം നൽകുന്ന സംഭാവനകളും സെക്രട്ടറി വിലയിരുത്തി.

ജി ഇയുടെ റെവല്യൂഷൻ അപെക്സ് എലൈറ്റ് സിടി സ്കാനറാണ് സ്ഥാപിച്ചത്. 256 നിര ഡിറ്റക്ടറുകളുള്ള ഈ സ്കാനറിൽ സ്പെക്ട്രൽ ഇമേജിങ്ങും നിർമിതബുദ്ധി ഉപയോഗിച്ച് ചിത്രങ്ങൾ പുനർനിർമിക്കുന്ന സാങ്കേതികവിദ്യയുമുണ്ട്. മുതിർന്നവരുടെയും കുട്ടികളുടെയും തലച്ചോറ്, നാഡീവ്യവസ്ഥ, ഹൃദയം, രക്തക്കുഴലുകൾ എന്നിവ പരിശോധിക്കാനും ശരീരം മുഴുവൻ സ്കാൻ ചെയ്യാനും കഴിയും. പക്ഷാഘാതവും തലച്ചോറിലെ രക്തക്കുഴലുകളെ ബാധിക്കുന്ന പ്രശ്നങ്ങളും വേഗത്തിലും കൃത്യമായും തിരിച്ചറിയാൻ സംവിധാനം സഹായിക്കുമെന്നാണ് പ്രതീക്ഷ. തലച്ചോറിലെ രക്തസ്രാവം, ധമനികളിലെ തടസ്സം, ജീവന് ഭീഷണിയാകുന്ന മറ്റു പ്രശ്നങ്ങൾ എന്നിവ വേഗത്തിൽ കണ്ടെത്താം. ഹൃദയ, രക്തക്കുഴൽ രോഗങ്ങൾ, ചികിത്സാ നടപടികൾക്കു ശേഷമുള്ള സങ്കീർണതകൾ, ശരീരത്തിന്റെ പല ഭാഗങ്ങളിലേറ്റ പരിക്കുകൾ, മറ്റു സങ്കീർണ ആരോഗ്യപ്രശ്നങ്ങൾ എന്നിവ വിലയിരുത്താനും സ്കാനർ ഉപയോഗിക്കും.

ടെലി മാനസിലേക്ക് 50 ലക്ഷത്തിലേറെ വിളികൾ
സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ഫോണിലൂടെ മാനസികാരോഗ്യ സഹായം നൽകുന്ന ടെലി മാനസ് പദ്ധതിയിലേക്ക് 50 ലക്ഷത്തിലേറെ വിളികൾ ലഭിച്ചു. പദ്ധതിയുടെ പുരോഗതി ആരോഗ്യ സെക്രട്ടറി വിലയിരുത്തി. മറ്റു സഹായ നമ്പറുകളുമായി ബന്ധിപ്പിച്ചും രാജ്യവ്യാപക ബോധവത്കരണം നടത്തിയും സേവനം കൂടുതൽ പേരിലെത്തിച്ചു. കൗൺസിലർമാരുടെ പരിശീലനവും അംഗീകാരവും, സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാനുള്ള നടപടികൾ, സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയുള്ള സേവനങ്ങൾ എന്നിവയും വിലയിരുത്തി. 2027 മുതൽ 2032 വരെയുള്ള അഞ്ചുവർഷ പദ്ധതിയിൽ കൂടുതൽ പേർക്ക് സേവനം ലഭ്യമാക്കാനും ഗുണനിലവാരം ഉയർത്താനും ടെലി മാനസിനെ പൊതുആരോഗ്യ സംവിധാനവുമായി കൂടുതൽ അടുത്ത് ബന്ധിപ്പിക്കാനുമാണ് ലക്ഷ്യം.
ലഹരി ചികിത്സ നേടിയത് 25,913 പേർ
നിംഹാൻസിലെ ലഹരി ചികിത്സാ കേന്ദ്രത്തിന്റെ പ്രവർത്തനവും സെക്രട്ടറി വിലയിരുത്തി. പുകയില നിയന്ത്രണത്തിനും ലഹരിമുക്ത ചികിത്സയ്ക്കുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പിന്തുണയ്ക്കുന്ന ആറ് കേന്ദ്രങ്ങളിൽ ഒന്നാണിത്. 2026 ജനുവരി മുതൽ ഒക്ടോബർ വരെ ലഹരിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുള്ള 25,913 പേർ ഇവിടെ ചികിത്സ തേടി. ഇവരിൽ 7,000ത്തിലേറെ പേർക്ക് ടെലിമെഡിസിൻ വഴി തുടർപരിചരണം ലഭിച്ചു.
ഒപിയോയ്ഡ് പകരചികിത്സ, ന്യൂറോമോഡുലേഷൻ, കൗൺസിലിങ്, ദൂരമാർഗമുള്ള തുടർപരിചരണം എന്നിവയാണ് കേന്ദ്രത്തിലെ പ്രത്യേക സേവനങ്ങൾ. ഡിജിറ്റൽ പരിശീലനവും ഓൺലൈൻ പഠനവും വഴി രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള ആരോഗ്യപ്രവർത്തകരിലേക്കും കേന്ദ്രം എത്തുന്നു. കേന്ദ്രത്തിന്റെ അഡിക്ഷൻ ആർഎക്സ് മൊബൈൽ ആപ്പ് 145 രാജ്യങ്ങളിലായി ഏകദേശം 19,600 തവണ ഡൗൺലോഡ് ചെയ്തു. നശാ മുക്ത് ഭാരത് അഭിയാനിലൂടെയും പുകയില ഉപയോഗം നിർത്താൻ സഹായിക്കുന്ന ക്വിറ്റ്ലൈൻ വഴിയും കേന്ദ്രം പൊതുജനങ്ങളിലേക്ക് എത്തുന്നു. ക്വിറ്റ്ലൈനിലേക്ക് 36,000ത്തിലേറെ വിളികൾ ലഭിച്ചു. പരിശീലനവും ഓൺലൈൻ കൂടിയാലോചനയും വിപുലീകരിക്കാൻ കേന്ദ്രം പ്രവർത്തിക്കുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാരിൽ ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തേ തിരിച്ചറിയാൻ നിർമിതബുദ്ധി ഉപയോഗിക്കുന്ന സംവിധാനങ്ങളും വികസിപ്പിക്കുന്നു.

ആത്മഹത്യാ പ്രതിരോധ പ്രവർത്തനം 37 സർക്കാർ ആശുപത്രികളിൽ
റാഞ്ചിയിലെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രി, തേസ്പൂരിലെ ലോകപ്രിയ ഗോപിനാഥ് ബോർദോലോയ് റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് എന്നീ സ്ഥാപനങ്ങളുമായി ചേർന്ന് നിംഹാൻസ് നടത്തുന്ന പരിശീലന പദ്ധതിയും സെക്രട്ടറി വിലയിരുത്തി. സൈക്യാട്രി, ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക് സോഷ്യൽ വർക്ക്, സൈക്യാട്രിക് നഴ്സിങ് എന്നീ നാല് മേഖലകളിലെ ആരോഗ്യപ്രവർത്തകരുടെ പ്രാവീണ്യം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. 2022ലെ ദേശീയ ആത്മഹത്യാ പ്രതിരോധ തന്ത്രത്തിന്റെ നാല് പ്രധാന ഘടകങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന നിംഹാൻസിലെ എൻ സ്പ്രൈറ്റ് കേന്ദ്രത്തിന്റെ പ്രവർത്തനവും വിലയിരുത്തി. ആത്മഹത്യാ പ്രതിരോധത്തിനായുള്ള ഗവേഷണം, പദ്ധതികളുടെ നടത്തിപ്പ്, പരിശീലനം, ജനപങ്കാളിത്തം എന്നിവയാണ് കേന്ദ്രത്തിന്റെ ചുമതല.
നഗരങ്ങളിലെ സ്വയം പരിക്കേൽപ്പിക്കൽ സംഭവങ്ങളെക്കുറിച്ചുള്ള ഉഷസ് പഠനത്തിൽ 2022 മുതൽ 42,382 കേസുകൾ രേഖപ്പെടുത്തി. അതിജീവിച്ച 31,557 പേർക്ക് സഹായം നൽകി. വീണ്ടും ശ്രമിച്ചവരുടെ നിരക്ക് 1.3 ശതമാനമാണെന്നാണ് റിപ്പോർട്ട്. കർണാടകയിലെ 37 സർക്കാർ ആശുപത്രികളിൽ കേന്ദ്രത്തിന്റെ പ്രവർത്തനം ഇപ്പോൾ നടക്കുന്നുണ്ട്. പൊതുസമൂഹം, യുവാക്കൾ, ജോലിസ്ഥലങ്ങൾ എന്നിവ കേന്ദ്രീകരിച്ച് സുരക്ഷ, യശസ്, എംപവർ എന്നീ പദ്ധതികളും നടപ്പാക്കുന്നു. വിദ്യാർഥികൾക്കായി അടുത്തിടെ തുടങ്ങിയ വെൽനെസ് സെന്ററിന്റെ പ്രവർത്തനവും സെക്രട്ടറിയെ അറിയിച്ചു. വിവിധ മേഖലകളിലെ വിദഗ്ധർ ചേർന്ന് വിദ്യാർഥികൾക്ക് കൗൺസിലിങ്, മനഃശാസ്ത്ര ചികിത്സ, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം എന്നിവ നൽകുന്നു. നിശ്ചിത കാലയളവുള്ള ഹ്രസ്വകാല ചികിത്സയും ആവശ്യമുള്ളവർക്ക് ദീർഘകാല പരിചരണത്തിനുള്ള റഫറലും ലഭിക്കും. ആഴ്ചയിൽ രണ്ടുതവണ മാനസികാരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ചയ്ക്കും സൗകര്യമുണ്ട്.
കർണാടകയുടെ മസ്തിഷ്കാരോഗ്യ പദ്ധതി ദേശീയ മാതൃകയാക്കാൻ നിർദേശം
കർണാടകയിൽ മസ്തിഷ്കാരോഗ്യവും നാഡീരോഗ പരിചരണവും മെച്ചപ്പെടുത്താനുള്ള നിംഹാൻസിന്റെ പ്രവർത്തനങ്ങളും ചർച്ച ചെയ്തു. നിംഹാൻസും കർണാടക സർക്കാരും ചേർന്ന് നീതി ആയോഗിന്റെ നിർദേശങ്ങൾ തേടിയാണ് കർണാടക മസ്തിഷ്കാരോഗ്യ പദ്ധതി തയ്യാറാക്കിയത്. നാഡീരോഗങ്ങൾ നേരത്തേ കണ്ടെത്താനും തടയാനും ചികിത്സിക്കാനുമാണ് പദ്ധതി. ഇതുവരെ 2.61 ലക്ഷം പ്രാഥമിക പരിശോധനകൾ നടത്തി. 32,630 രോഗികൾക്ക് ചികിത്സ നൽകി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം രൂപീകരിച്ച ദേശീയ മസ്തിഷ്കാരോഗ്യ ദൗത്യസംഘം ഈ പദ്ധതിയെ ദേശീയതലത്തിലെ പ്രവർത്തനങ്ങൾക്ക് മാതൃകയാക്കാൻ നിർദേശിച്ചു.
തലയ്ക്ക് ഗുരുതര പരിക്കേൽക്കുന്നവർക്കും പക്ഷാഘാതം സംഭവിക്കുന്നവർക്കും അടിയന്തര നാഡീരോഗ ചികിത്സ സമയത്ത് ലഭ്യമാക്കാൻ കർണാടകയിൽ ഹബ് ആൻഡ് സ്പോക്ക് മാതൃകയും നിർദേശിച്ചിട്ടുണ്ട്. പ്രാദേശിക ചികിത്സാ കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് രോഗികളെ ആവശ്യമായ ചികിത്സ ലഭിക്കുന്ന കേന്ദ്രത്തിലേക്ക് വേഗത്തിൽ എത്തിക്കുകയാണ് ലക്ഷ്യം. ഹുബ്ബള്ളിയിലെ കെഎംസിആർഐയിൽ ന്യൂറോ ഹബും നിംഹാൻസിൽ പക്ഷാഘാതത്തിനുള്ള അടിയന്തര പരിശോധനാ കേന്ദ്രവും നിർദേശത്തിലുണ്ട്. മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകി സമഗ്ര ആരോഗ്യ സേവനങ്ങൾ കൂടുതൽ പേർക്ക് ലഭ്യമാക്കാനുള്ള പ്രവർത്തനം തുടരുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രോഗങ്ങൾ നേരത്തേ കണ്ടെത്തൽ, ചികിത്സ, ആത്മഹത്യാ പ്രതിരോധം, ലഹരി ചികിത്സ, ആരോഗ്യപ്രവർത്തകരുടെ പരിശീലനം, മസ്തിഷ്കാരോഗ്യം എന്നീ മേഖലകളിലെ പദ്ധതികളിലൂടെ ഗുണമേന്മയുള്ള പരിചരണം കൂടുതൽ പേരിലെത്തിക്കാനും രാജ്യത്തെ മാനസികാരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്താനുമാണ് മന്ത്രാലയത്തിന്റെ ശ്രമം.
.
