വാരാണസി / 2026 / നവംബർ 28
അഞ്ചാമത് കാശി തമിഴ് സംഗമം നവംബർ 28 മുതൽ ഡിസംബർ 12 വരെ വാരാണസിയിൽ നടക്കും. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സമാപനച്ചടങ്ങിൽ പങ്കെടുക്കും. തമിഴ്നാടും കാശിയും തമ്മിൽ നൂറ്റാണ്ടുകളായി നിലനിൽക്കുന്ന സാംസ്കാരികവും ഭാഷാപരവുമായ ബന്ധങ്ങളും പങ്കിട്ട നാഗരിക പൈതൃകവും ആഘോഷിക്കാൻ 1,400-ലധികം പ്രതിനിധികൾ ഒത്തുചേരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട പരിപാടി, ഇരു പ്രദേശങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനും ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്ന ആശയം പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ വകുപ്പാണ് സംഘാടകർ. ഐഐടി മദ്രാസ്, ബനാറസ് ഹിന്ദു സർവകലാശാല, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ്, ഉത്തർപ്രദേശ് സർക്കാർ, വിവിധ കേന്ദ്ര മന്ത്രാലയങ്ങളും വകുപ്പുകളും എന്നിവ സഹകരിക്കും. ഡൽഹിയിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോ നവംബർ 27-ന് ഉച്ചയ്ക്ക് 1.58-നാണ് പരിപാടിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടത്.

ഇത്തവണ തിരുക്കുറൾ പഠിക്കാം
‘തിരുക്കുറൾ പയിൽവോം – തിരുക്കുറൾ അഭ്യാസ് കരേം’ എന്നതാണ് ഇത്തവണത്തെ പ്രമേയം. ‘നമുക്ക് തിരുക്കുറൾ പഠിക്കാം’ എന്നാണ് ഇതിന്റെ അർഥം. തമിഴ് സാഹിത്യത്തിലെ വിഖ്യാത കൃതികളിലൊന്നായ തിരുക്കുറളിലെ കാലാതീതമായ ജീവിതപാഠങ്ങളും ധാർമിക ആശയങ്ങളുമാണ് അഞ്ചാം സംഗമത്തിന്റെ കേന്ദ്രവിഷയം. ഈ കൃതിയെക്കുറിച്ച് വിദ്യാർഥികൾക്കും യുവാക്കൾക്കും കൂടുതൽ അറിവും ധാരണയും നൽകുകയാണ് ലക്ഷ്യം. ഇന്ത്യയുടെ സമ്പന്നമായ സാഹിത്യപാരമ്പര്യവും നിലനിൽക്കുന്ന സാംസ്കാരിക പൈതൃകവും അടുത്തറിയാനും പരിപാടി അവസരമൊരുക്കും. തമിഴ് കവിയും ചിന്തകനുമായ തിരുവള്ളുവർ രചിച്ച തിരുക്കുറൾ തലമുറകൾക്ക് ഇന്നും വഴികാട്ടിയാണ്. ധാർമികത, ഭരണം, മനുഷ്യബന്ധങ്ങൾ, കാരുണ്യം, അച്ചടക്കം, ഉത്തരവാദിത്തമുള്ള ജീവിതം എന്നിവയാണ് അതിലെ 1,330 ഈരടികളുടെ വിഷയം. സദ്ഗുണം പറയുന്ന ‘അറം’, സമ്പത്തിനെക്കുറിച്ചുള്ള ‘പൊരുൾ’, പ്രണയത്തെക്കുറിച്ചുള്ള ‘ഇൻപം’ എന്നിങ്ങനെ മൂന്നു ഭാഗങ്ങളാണ് കൃതിക്കുള്ളത്. ശരിയായ പെരുമാറ്റം, സാമൂഹികവും രാഷ്ട്രീയവുമായ ജീവിതം, മനുഷ്യബന്ധങ്ങൾ എന്നിവ ഈ ഭാഗങ്ങളിൽ വിശദീകരിക്കുന്നു.
ഏഴ് സംഘങ്ങൾ, മൂന്ന് നഗരങ്ങളിലൂടെ എട്ടുദിവസം
തമിഴ്നാട്ടിൽനിന്നുള്ള ഏകദേശം 1,400 പ്രതിനിധികൾ ഇരുനൂറോളം പേർ വീതമുള്ള ഏഴ് സംഘങ്ങളായി എട്ടുദിവസത്തെ യാത്ര നടത്തും. നാലുദിവസം യാത്രയ്ക്കും നാലുദിവസം സന്ദർശനങ്ങൾക്കും നിശ്ചയിച്ച പരിപാടികൾക്കുമായിരിക്കും. വിദ്യാർഥികൾ, അധ്യാപകർ, എഴുത്തുകാരും മാധ്യമപ്രവർത്തകരും, കൃഷിയും അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ടവർ, വിവിധ തൊഴിലുകളിൽ പ്രവർത്തിക്കുന്നവരും കരകൗശല വിദഗ്ധരും, വനിതകൾ, ആത്മീയ നേതാക്കൾ എന്നീ ഏഴ് വിഭാഗങ്ങളിലുള്ളവരാണ് പങ്കെടുക്കുന്നത്. വാരാണസി, പ്രയാഗ്രാജ്, അയോധ്യ എന്നിവിടങ്ങളിലായി സാംസ്കാരികവും പഠനപരവും ആത്മീയവുമായ പരിപാടികളും വിവിധ തൊഴിൽമേഖലകളുമായി ബന്ധപ്പെട്ട പരിപാടികളും നടക്കും. വാരാണസിയിൽ കാശി വിശ്വനാഥ ക്ഷേത്രം, രാംനഗർ കോട്ട, ഭാരത് മാതാ ക്ഷേത്രം തുടങ്ങിയ മതപരവും ചരിത്രപരവും സാംസ്കാരികവുമായ പ്രാധാന്യമുള്ള ഇടങ്ങൾ സന്ദർശിക്കും. ഗംഗാ ആരതി, ഗംഗാസ്നാനം, പഠനസമ്മേളനങ്ങൾ, സാംസ്കാരിക പരിപാടികൾ എന്നിവയും യാത്രയുടെ ഭാഗമാണ്. തുടർന്ന് പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തിലും അയോധ്യയിലെ ശ്രീരാമ ക്ഷേത്രത്തിലും എത്തും. പ്രത്യേക തമിഴ് പൈതൃകയാത്രയിൽ മഹാകവി സുബ്രഹ്മണ്യ ഭാരതിയുടെ തറവാട്, കേദാർ ഘട്ട്, ലിറ്റിൽ തമിഴ്നാട്ടിലെ കാശി മഠം എന്നിവ സന്ദർശിക്കും. ബനാറസ് ഹിന്ദു സർവകലാശാലയിലെ തമിഴ് വകുപ്പിൽ പഠനസംവാദവും നടക്കും.
ആയിരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിരുക്കുറൾ പഠനം
വിവിധ വിഷയങ്ങൾ പഠിക്കുന്നവരും വ്യത്യസ്ത ഭാഷാ പശ്ചാത്തലമുള്ളവരുമായ വിദ്യാർഥികളിലേക്ക് തിരുക്കുറൾ എത്തിക്കാൻ രാജ്യത്തെ ആയിരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനപരിപാടി നടത്തും. പഠനം, ഗവേഷണം, ക്യാമ്പസിലെ പ്രവർത്തനങ്ങൾ എന്നിവ ഇതിന്റെ ഭാഗമാണ്. പങ്കെടുക്കുന്ന ഓരോ സ്ഥാപനവും താൽപര്യമുള്ള വിദ്യാർഥികളുടെ തിരുക്കുറൾ അറിവ് വിലയിരുത്തി മികവിന്റെ അടിസ്ഥാനത്തിൽ ഒരാളെ നാമനിർദേശം ചെയ്യും. തിരഞ്ഞെടുക്കപ്പെടുന്നവർ ഭരണഘടനയുടെ പട്ടികയിലുള്ള 22 ഭാഷകളിലും ഇംഗ്ലീഷിലും ലഭിക്കുന്ന ഓൺലൈൻ പരിചയ ക്ലാസിൽ പങ്കെടുക്കും. തുടർന്ന് ഒരു മാസം പഠനവും ഗവേഷണവും നടത്തും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴ് വിവിധ ഭാഷകളിൽ പഠനസാമഗ്രികൾ നൽകും. മാർഗനിർദേശങ്ങൾ പാലിച്ച് നിശ്ചയിച്ച പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന യോഗ്യരായ വിദ്യാർഥികൾക്ക് 10,000 രൂപ വീതം പഠനസഹായം ലഭിക്കും. ഓരോ വിദ്യാർഥിയും ഒരു അധ്യാപകന്റെ മാർഗനിർദേശത്തിൽ നാലു മുതൽ പത്തു വരെ പേജുള്ള ലേഖനമോ ഗവേഷണക്കുറിപ്പോ തയ്യാറാക്കും. സ്വന്തം സ്ഥാപനത്തിൽ തിരുക്കുറളിനെക്കുറിച്ച് ഒരു മണിക്കൂർ അവതരണവും നടത്തും. സംഗമകാലത്ത് തമിഴ്നാട്ടിൽനിന്നുള്ള 50 അധ്യാപകർ ഉത്തർപ്രദേശിലെ സ്കൂളുകളിൽ തിരുക്കുറൾ പഠിപ്പിക്കും. തമിഴ്നാട്ടിൽനിന്നുള്ള തിരുക്കുറൾ വിദഗ്ധർ വാരാണസിയിലെ സ്കൂളുകളിലെത്തി പരിചയ ക്ലാസുകൾ, സംവാദങ്ങൾ, ക്വിസ് എന്നിവയിലൂടെ കൃതിയിലെ അടിസ്ഥാന മൂല്യങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തും. നാഷണൽ ബുക്ക് ട്രസ്റ്റ് രാഷ്ട്രീയ ഇ-പുസ്തകാലയയുമായി ചേർന്ന് വാരാണസിയിലെ സ്കൂളുകളിൽ വായനാശീലം, കഥപറച്ചിൽ, സർഗാത്മക പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളുമായി സംവദിക്കും.
ദേശീയ സമ്മേളനം മുതൽ മൊബൈൽ ആപ്പ് വരെ
ഭാരതീയ ഭാഷാ സമിതിയുടെ പങ്കാളിത്തത്തോടെ തിരുക്കുറളിനെക്കുറിച്ചുള്ള ദേശീയ സമ്മേളനത്തിന് ബനാറസ് ഹിന്ദു സർവകലാശാലയും ആതിഥേയത്വം വഹിക്കും. സാംസ്കാരിക പരിപാടികളും തിരുക്കുറളിനെ ആസ്പദമാക്കിയ ഹ്രസ്വചിത്രങ്ങളുടെ പ്രദർശനവും നടക്കും. തമിഴ്നാട്ടിലെയും ഉത്തർപ്രദേശിലെയും കരകൗശല, കൈത്തറി ഉൽപ്പന്നങ്ങൾക്കായി പ്രധാന വേദിയിൽ പ്രതിനിധികൾക്കായി വിൽപ്പനശാലകൾ ഒരുക്കും. തിരുക്കുറളിലെ ആശയങ്ങൾ രാജ്യത്തെ കൂടുതൽ ആളുകളിലേക്കെത്തിക്കാൻ സാങ്കേതികവിദ്യയും ഉപയോഗിക്കും. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്ലാസിക്കൽ തമിഴിന്റെ ബഹുഭാഷാ ആപ്പിൽ 1,330 ഈരടികളും ഭരണഘടനയുടെ പട്ടികയിലുള്ള 22 ഭാഷകളിലെ പരിഭാഷകളും ലഭിക്കും. തിരഞ്ഞെടുത്ത ഈരടികളെ ആസ്പദമാക്കിയ ഹ്രസ്വ ആനിമേഷൻ വീഡിയോകളും സിനിമകളും തിരുക്കുറളിന്റെ ശബ്ദപുസ്തകങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ പരിപാടിയിൽ ഉൾപ്പെടുന്നു. സംഗമത്തിന്റെ വിശദാംശങ്ങളും പങ്കെടുക്കാനുള്ള വിവരങ്ങളും സംഗമത്തിന്റെ വെബ്സൈറ്റിലും ഐഐടി മദ്രാസിന്റെ വെബ്സൈറ്റിലും ബനാറസ് ഹിന്ദു സർവകലാശാലയുടെ വെബ്സൈറ്റിലും ലഭിക്കും. തിരുക്കുറളിനെക്കുറിച്ചുള്ള മൈഗവ് ക്വിസിലും പങ്കെടുക്കാം.
.
.