ന്യൂഡൽഹി / 2026 / നവംബർ 27
ഇന്ത്യ എഐ മിഷന്റെ പിന്തുണയോടെ ചാരിയറ്റ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രൈവറ്റ് ലിമിറ്റഡ് വികസിപ്പിച്ച ചാരിയറ്റ് ഒന്ന് ഫൗണ്ടേഷൻ മോഡലുകൾ നവംബർ 26ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ പുറത്തിറക്കി. കേന്ദ്ര ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയ സെക്രട്ടറി എസ്. കൃഷ്ണൻ പ്രകാശനം നിർവഹിച്ചു. ഇന്ത്യൻ ഭാഷകൾ മനസ്സിലാക്കാനും എഴുത്ത് ശബ്ദമാക്കി മാറ്റാനും കഴിയുന്ന മോഡലുകളും അവയ്ക്കായി നടത്തിയ ഗവേഷണവും ചടങ്ങിൽ അവതരിപ്പിച്ചു. സ്വന്തം ഗവേഷണത്തിലൂടെ സ്വതന്ത്രമായി എഐ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ ശേഷി വളരുന്നതിന്റെ ഉദാഹരണമാണ് ഈ നേട്ടം. തദ്ദേശീയ ഫൗണ്ടേഷൻ മോഡലുകൾ വികസിപ്പിക്കാൻ ഇന്ത്യ എഐ മിഷൻ ആദ്യം തിരഞ്ഞെടുത്ത നാല് സംഘങ്ങളിൽ ഒന്നാണ് ചാരിയറ്റ്. ഇന്ത്യയുടെ സാങ്കേതികവും ഭാഷാപരവും സാമൂഹികവുമായ ആവശ്യങ്ങൾക്കൊത്ത മോഡലുകൾ നിർമിക്കാനും അതിനാവശ്യമായ ഗവേഷണത്തെ പിന്തുണയ്ക്കാനുമാണ് കേന്ദ്രത്തിന്റെ ഈ സംരംഭം. ചാരിയറ്റ് ഒന്ന് ലാർജ് ലാംഗ്വേജ് മോഡലും ടെക്സ്റ്റ് ടു സ്പീച്ച് മോഡലും ഇന്ത്യയിൽ ആദ്യം മുതൽ പരിശീലിപ്പിച്ചാണ് വികസിപ്പിച്ചത്. ഭാഷ മനസ്സിലാക്കാനും ശബ്ദം സൃഷ്ടിക്കാനും കംപ്യൂട്ടിങ് വിഭവങ്ങൾ കാര്യക്ഷമമായി ഉപയോഗിക്കാനും വിവിധ ഉപകരണങ്ങളിൽ പ്രവർത്തിക്കാനുമുള്ള ഗവേഷണരീതികൾ രണ്ട് മോഡലുകളിലും ഉൾപ്പെടുത്തിയിട്ടുണ്ട്.

പരിശീലനം വേഗത്തിലാക്കാൻ മൂന്ന് പുതിയ രീതികൾ
ഇന്ത്യയിലെ ഭാഷാവൈവിധ്യം കണക്കിലെടുത്ത് ഭാഷ കൈകാര്യം ചെയ്യുന്നതിലും മോഡലുകൾ പരിശീലിപ്പിക്കുന്നതിലുമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചാരിയറ്റ് സംഘം മൂന്ന് ഗവേഷണരീതികൾ അവതരിപ്പിച്ചു. മൂന്നും ചാരിയറ്റ് ഒന്ന് മോഡലുകളുടെ പരിശീലനത്തിൽ ഉപയോഗിച്ചു. ഓപ്പൺ സോഴ്സ് രീതിയായ ഇൻഡിക് ഷിഫ്റ്റ് വിവിധ ഇന്ത്യൻ ലിപികൾക്കായി ഒരു പൊതുവായ അക്ഷരസഞ്ചയം ഉപയോഗിക്കുന്നു. ഇതുവഴി ഓരോ ലിപിയും വെവ്വേറെ കൈകാര്യം ചെയ്യുന്നതിനു പകരം ഭാഷകൾ തമ്മിലുള്ള സാമ്യം മോഡലിന് പ്രയോജനപ്പെടുത്താം. 12 ഇന്ത്യൻ ലിപികളിലെ 1,012 ചിഹ്നങ്ങളെ 350 അക്ഷരങ്ങളിലൂടെ കൈകാര്യം ചെയ്യുന്നു. ഓപ്പൺ എഐയുടെ ജിപിടി ടോക്കണൈസറുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ ഭാഷകളിലെ എഴുത്ത് കൈകാര്യം ചെയ്യാൻ വേണ്ട ടോക്കണുകളുടെ എണ്ണം 2.5 മടങ്ങുവരെ കുറയുന്നതായി ഗവേഷണം പറയുന്നു. അതേ കംപ്യൂട്ടിങ് ശേഷിയിൽ ഇന്ത്യൻ ഭാഷകളിലെ പ്രകടനം 5 മുതൽ 8 ശതമാനം വരെ മെച്ചപ്പെട്ടു. ഇംഗ്ലീഷിലും പ്രോഗ്രാമിങ് കോഡിലുമുള്ള പ്രകടനം നിലനിർത്തി. നെസ്റ്റഡ് ട്രെയിനിങ് എന്ന രണ്ടാമത്തെ രീതിയിൽ ഒരൊറ്റ പരിശീലനത്തിലൂടെയും ഒരേ സെറ്റ് വെയിറ്റുകളുപയോഗിച്ചും മൂന്ന് വലുപ്പത്തിലുള്ള സമ്പൂർണ മോഡലുകൾ ഒരേസമയം പരിശീലിപ്പിക്കാം. ഓരോ തരം ഉപകരണത്തിനും വെവ്വേറെ മോഡൽ പരിശീലിപ്പിക്കേണ്ട ബുദ്ധിമുട്ട് ഇതിലൂടെ കുറയും. ഡേറ്റാ സെന്ററുകൾ, ലാപ്ടോപ്പുകൾ, സ്മാർട്ട്ഫോണുകൾ, എഡ്ജ് ഉപകരണങ്ങൾ എന്നിവയിൽ മോഡൽ ഉപയോഗിക്കാം. മൂന്ന് വലുപ്പങ്ങളും വെവ്വേറെ പരിശീലിപ്പിക്കുന്നതിനേക്കാൾ 62 ശതമാനം വേഗം കൂടിയതായാണ് റിപ്പോർട്ട്. മൂന്നാമത്തെ രീതിയായ മിക്സ്ചർ ഓഫ് വൊക്കാബുലറീസ് വാക്കുശേഖരത്തെ 11 ഗ്രൂപ്പുകളാക്കുന്നു. ഓരോ വാക്കും തിരഞ്ഞെടുക്കുമ്പോൾ പ്രസക്തമായ ഗ്രൂപ്പിലെ വാക്കുകൾക്ക് മാത്രമാണ് സ്കോർ നൽകുന്നത്. ഇതോടെ ഓരോ വാക്കിനും സ്കോർ ചെയ്യേണ്ട എൻട്രികളുടെ എണ്ണം 5.7 മടങ്ങ് കുറഞ്ഞു. അതേ ജിപിയുകൾ ഉപയോഗിച്ചപ്പോൾ പരിശീലനവേഗം 38 ശതമാനം കൂടി. പരിശീലനത്തിലെ പിഴവ് അളക്കുന്ന മോഡൽ ലോസ് സൂചികയിൽ വളരെ ചെറിയ മാറ്റം മാത്രമാണ് ഉണ്ടായത്.

മലയാളം ഉൾപ്പെടെ പത്ത് ഇന്ത്യൻ ഭാഷകളിൽ ശബ്ദം
ചാരിയറ്റ് ഒന്ന് ലാർജ് ലാംഗ്വേജ് മോഡൽ 1,100 കോടി പരാമീറ്ററുകളുള്ള മിക്സ്ചർ ഓഫ് എക്സ്പേർട്സ് മോഡലാണ്. ഓരോ ടോക്കണും കൈകാര്യം ചെയ്യുമ്പോൾ 400 കോടി പരാമീറ്ററുകൾ സജീവമാകും. ഇന്ത്യയിൽ ആദ്യം മുതൽ പരിശീലിപ്പിച്ച ഈ മോഡൽ 1,070 കോടി, 170 കോടി, 74.5 കോടി പരാമീറ്ററുകളുള്ള മൂന്ന് വലുപ്പങ്ങളിൽ ലഭ്യമാണ്. ഉപകരണത്തിന്റെ കംപ്യൂട്ടിങ് ശേഷിക്കും ഉപയോഗസാഹചര്യത്തിനും അനുസരിച്ച് ഇവയിൽനിന്ന് തിരഞ്ഞെടുക്കാം. ചാരിയറ്റ് ഒന്ന് ടെക്സ്റ്റ് ടു സ്പീച്ച് മോഡൽ ഇംഗ്ലീഷിലും പത്ത് ഇന്ത്യൻ ഭാഷകളിലും ശബ്ദം സൃഷ്ടിക്കും. ഹിന്ദി, ബംഗാളി, മറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി, പഞ്ചാബി, ഒഡിയ എന്നിവയാണ് ആ ഭാഷകൾ. അക്കങ്ങൾ, തീയതികൾ, കറൻസികൾ, അളവിന്റെ യൂണിറ്റുകൾ, വെബ് വിലാസങ്ങൾ, ചുരുക്കെഴുത്തുകൾ എന്നിവ സന്ദർഭം നോക്കി എങ്ങനെ വായിക്കണമെന്ന് മോഡൽ തീരുമാനിക്കും. ദൈനംദിന ഉപയോഗത്തിൽ കൂടുതൽ സ്വാഭാവികമായി വായിച്ചുകേൾപ്പിക്കാൻ ഇത് സഹായിക്കും. അസിങ്ക് ടെക്സ്റ്റ് ടു സ്പീച്ച് ഉച്ചാരണ പരിശോധനയിൽ എഴുത്ത് വായിച്ചുപറയുന്നതിൽ മോഡൽ 97 ശതമാനത്തിലധികം കൃത്യത നേടി. ദൈനംദിന ഉപയോഗത്തിൽനിന്നുള്ള 1,029 വാക്യങ്ങളും 42 വിഭാഗങ്ങളിലായി സാധാരണ എഴുത്തിൽനിന്ന് വ്യത്യസ്തമായ 2,251 ഉദാഹരണങ്ങളും പരിശോധനയിൽ ഉൾപ്പെടുത്തി. ഹിന്ദിയിൽ അക്ഷരതെറ്റുകളുടെ നിരക്ക് 7.60 ശതമാനവും മറ്റു ഒമ്പത് ഇന്ത്യൻ ഭാഷകളിൽ ശരാശരി 6.47 ശതമാനവുമായിരുന്നു. റിപ്പോർട്ടിൽ പറയുന്ന പരിശോധനകളിൽ വിലയിരുത്തിയ സംവിധാനങ്ങൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കുകളാണിവ. ഇന്ത്യൻ ഭാഷകളുടെ സങ്കീർണത കണക്കിലെടുത്ത് സാങ്കേതികവിദ്യ വികസിപ്പിക്കുന്നത് വിവിധ ഭാഷക്കാർക്ക് എഐ കൂടുതൽ പ്രാപ്യവും പ്രയോജനകരവുമാക്കും.
ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഗവേഷകരെ അഭിനന്ദിച്ച് കൃഷ്ണൻ
ചാരിയറ്റ് ഒന്ന് പുറത്തിറക്കിയത് ഇന്ത്യയുടെ സാങ്കേതികരംഗത്തെ സുപ്രധാന നേട്ടമാണെന്ന് എസ്. കൃഷ്ണൻ പറഞ്ഞു. സംഘത്തെ അഭിനന്ദിച്ച അദ്ദേഹം ഗവേഷണത്തിലെ പുതുമയും ഇന്ത്യൻ ഭാഷകളെ മോഡലിൽ കാര്യക്ഷമമായി കൈകാര്യം ചെയ്ത രീതിയും ചൂണ്ടിക്കാട്ടി. ഇത് തദ്ദേശീയ എഐ ശേഷി വളർത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം പ്രതിഭകളെ കണ്ടെത്തി പിന്തുണയ്ക്കാനാണ് ഇന്ത്യ എഐ മിഷൻ രൂപപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നൂതന എഐ സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ രണ്ട് സ്റ്റാൻഫഡ് ബിരുദധാരികളുടെ സംഭാവനയെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തെ യുവ ഗവേഷകരുടെ കഴിവും അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ വളരുന്ന ശേഷിയും ചാരിയറ്റ് ഒന്ന് വ്യക്തമാക്കുന്നതായി കൃഷ്ണൻ പറഞ്ഞു.
സ്വന്തം എഐ മോഡലുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ പങ്ക്
തദ്ദേശീയ ഫൗണ്ടേഷൻ മോഡലുകളുടെ വികസനത്തിൽ ഇന്ത്യൻ എഐ കമ്പനികളുടെ പങ്ക് വർധിക്കുന്നതാണ് ചാരിയറ്റ് ഒന്നിന്റെ പ്രകാശനം വ്യക്തമാക്കുന്നത്. ഇന്ത്യ എഐ മിഷനിലൂടെ ഗവേഷണത്തിനും നവീകരണത്തിനും സാങ്കേതിക വികസനത്തിനുമുള്ള സാഹചര്യം കേന്ദ്രം ഒരുക്കുന്നു. രാജ്യത്തിനകത്തെ ശേഷി വളർത്താനും പുറത്തു വികസിപ്പിക്കുന്ന സാങ്കേതികവിദ്യകളോടുള്ള ആശ്രയം കുറയ്ക്കാനുമാണ് ശ്രമം. സ്വന്തം ഫൗണ്ടേഷൻ മോഡലുകൾ നിർമിക്കുന്ന സംഘങ്ങൾക്ക് പിന്തുണ നൽകുന്നതിലൂടെ ഗവേഷകർക്കും പുതിയ ആശയങ്ങൾ വികസിപ്പിക്കുന്നവർക്കും കമ്പനികൾക്കും കൂടുതൽ വലിയ ഗവേഷണ പദ്ധതികൾ ഏറ്റെടുക്കാം. അവയുടെ ഫലങ്ങൾ ഇന്ത്യയിൽത്തന്നെ പ്രായോഗിക സാങ്കേതിക പരിഹാരങ്ങളാക്കി മാറ്റാനും കഴിയും. എല്ലാവരെയും ഉൾക്കൊള്ളുന്നതും സ്വയംപര്യാപ്തവും ആഗോളതലത്തിൽ മത്സരിക്കാൻ ശേഷിയുള്ളതുമായ എഐ രംഗം കെട്ടിപ്പടുക്കാനുള്ള ഇന്ത്യയുടെ ലക്ഷ്യത്തിൽ ഇത്തരം സംരംഭങ്ങൾക്ക് പ്രധാന പങ്കുണ്ട്. ചടങ്ങിൽ എൻവിഡിയയുടെ ദക്ഷിണേഷ്യാ മാനേജിങ് ഡയറക്ടർ വിശാൽ ധൂപറും ചാരിയറ്റ് സഹസ്ഥാപകൻ സുവ്രത് ഭൂഷണും എഐ ഗവേഷണത്തിലെ പുതിയ മുന്നേറ്റങ്ങളെക്കുറിച്ചും സാങ്കേതികരംഗത്തെ മാറ്റങ്ങളെക്കുറിച്ചും സംവദിച്ചു.
.